മെസിയുടെ എല്ലാ നേട്ടങ്ങളേക്കാള്‍ വലുത് രാജ്യത്തിനായി നേടിയ ആ കിരീടമാണ്; അര്‍ജന്റീന കോപ്പ അമേരിക്ക നേടിയിട്ട് ഒരു വര്‍ഷം
Football
മെസിയുടെ എല്ലാ നേട്ടങ്ങളേക്കാള്‍ വലുത് രാജ്യത്തിനായി നേടിയ ആ കിരീടമാണ്; അര്‍ജന്റീന കോപ്പ അമേരിക്ക നേടിയിട്ട് ഒരു വര്‍ഷം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th July 2022, 6:42 pm

ബ്രസീലിലെ മാരക്കാന മൈതാനത്തില്‍ അവസാന മിനിട്ടുകളിലേക്ക് മത്സരം നീങ്ങുകയായിരുന്നു. സ്‌റ്റേഡിയത്തിലെ ബ്രസീല്‍ ആരാധകര്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം ഒരു അത്ഭുതം സംഭവിക്കാനായി വിളിച്ച് പ്രാര്‍ത്ഥിച്ചുകാണും. എന്നാല്‍ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളൊന്നും ബ്രസീലിനെ രക്ഷിച്ചില്ല.

അവസാന വിസിലടിച്ചതും മൈതാനത്തിന്റെ ഒരു മൂലയില്‍ ആ ചെറിയ മനുഷ്യന്‍ ചെറിയ കണ്ണീരൊടെ കുത്തിയിരുന്നു. തന്റെ കരിയറിലുടനീളം നഷ്ടമായ കിരീടങ്ങളെകുറിച്ചായിരിക്കാം അദ്ദേഹം അപ്പോള്‍ ഓര്‍ത്തിട്ടുണ്ടാകുക. വര്‍ഷങ്ങളോളം ഒരു അന്താരാഷ്ട്ര കിരീടമില്ലത്തതിന്റെ പേരില്‍ ക്രൂഷിക്കപ്പെട്ട ലയണല്‍ മെസിയായിരുന്നു അത്. അദ്ദേഹത്തിനാകുന്നതെല്ലാം ചെയ്തിട്ടും ടീമിന് ഒരു കിരീടം നേടികൊടുക്കാന്‍ സാധിച്ചിരുന്നില്ല.

ഫുട്‌ബോളില്‍ അരങ്ങേറിയ നാള്‍ മുതല്‍ പ്രതീക്ഷയുടെ വേലിക്കെട്ടിനുള്ളില്‍ നീറിയാണ് അദ്ദേഹത്തിന്റെ കരിയര്‍ മുമ്പോട്ട് നീങ്ങിയത്. അര്‍ജന്റീനക്കാരുടെ ഫുട്‌ബോള്‍ ദൈവമായ ഡിഗോ മറഡോണയ്ക്ക് ശേഷം അര്‍ജന്റീനയിലേക്ക് ലോകകപ്പ് നേടിതരാന്‍ പോകുന്നത് മെസിയാണെന്ന് അര്‍ജന്റീനക്കാര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.

 

2014 ലോകകപ്പ് ചുണ്ടിനും കപ്പിനുമിടയില്‍ മെസിക്ക് നഷ്ടമായിരുന്നു. ഗോള്‍ഡന്‍ ബോള്‍ നേടി അദ്ദേഹം തനിക്കാനുന്നതൊക്കെ ചെയതെങ്കിലും ഫൈനലിലെ ഒരു നിമിഷം അദ്ദേഹത്തെ വീണ്ടും എതിര്‍ സ്ഥാനത്ത് നിര്‍ത്തി.

പിന്നീട് 2016 കോപ്പ അമേരിക്ക ഫൈനലിലെ പെനാല്‍ട്ടി മിസിന്റെ പേരിലും അദ്ദേഹം ഒരുപാട് ക്രൂഷിക്കപ്പെട്ടിരുന്നു. 2018 ലോകകപ്പില്‍ ശരാശരിയിലും താഴെ നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച് പ്രിക്വാര്‍ട്ടറില്‍ തന്നെ പുറത്താകാനായിരുന്നു മെസിയുടെയും അര്‍ജന്റീനയുടെ വിധി.

 

എന്നാല്‍ അതിന് ശേഷം കണ്ടത് അര്‍ജന്റൈന്‍ പടയുടെ ഉയര്‍ത്തേഴ്‌ന്നേല്‍പ്പാണ്. മെസിയുടേയും ലയണല്‍ സ്‌കോലനിയിടെയും കീഴില്‍ യുവരക്തങ്ങളും എക്‌സ്പീരിയന്‍സുമുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ അര്‍ജന്റീനക്കായി.

അര്‍ഹതയുള്ളവരുടെ കയ്യില്‍ അവര്‍ അര്‍ഹിക്കുന്ന നേട്ടങ്ങളെത്താന്‍ സമയമെടുക്കും എന്നാല്‍ അത് അവരുടെ കയ്യില്‍ എത്തുക തന്നെ ചെയ്യും. 2021 കോപ്പ അമേരിക്ക മറ്റാരെക്കാളും മെസി അര്‍ഹിച്ചിരുന്നു. തന്റെ കരിയറില്‍ അദ്ദേഹം നേരിട്ട കുത്തുവാക്കുകളും പരിഹാസവുമെല്ലാം അകറ്റാന്‍ ഒരു പരിധി വരെ കോപ്പ വിജയത്തിന് സാധിച്ചിരുന്നു.

ആദ്യ മത്സരം മുതല്‍ എന്തൊക്കെയൊ നേടാന്‍ ഉറപ്പിച്ചുകൊണ്ട് കളിക്കുന്ന അര്‍ജന്റൈന്‍ ടീമിനെയായിരുന്നു കണ്ടത്. ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്റീന ഫൈനലില്‍ ബ്രീസിലിനെ നേരിടാനിറങ്ങിയത്. എന്നാല്‍ ബാക്കി ടീമുകളെല്ലാം ചെറിയ ടീമുകളാണെന്നും ബ്രസീലിനെ മെസിപ്പട ഒരിക്കലും തോല്‍പ്പിക്കില്ല എന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ കണ്ടത് മറ്റൊന്നായിരുന്നു. താരതമ്യേനെ അര്‍ജന്റീനയെക്കാള്‍ മികച്ച ടീമായ ബ്രസീലിനെ സ്പിരിറ്റ് കൊണ്ട് മാത്രം പൂട്ടുന്ന അര്‍ജന്റീനയെയായിരുന്നു അന്ന് കണ്ടത്.

മെസിക്ക് വേണ്ടി എന്തും ചെയ്യാന്‍ ഒരുങ്ങുന്ന ടീം മേറ്റ്‌സായിരുന്നു അന്ന് കളിക്കാനിറങ്ങിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങിയപ്പോള്‍ 1-0 എന്ന നിലയില്‍ അര്‍ജന്റീന കിരീടമുയര്‍ത്തുകയായിരുന്നു. ഡി മരിയ എന്ന അര്‍ജന്റീനയുടെ മാലാഖയായിരുന്നു അന്ന് ടീമിനായി സ്‌കോര്‍ ചെയതത്.

മത്സരശേഷമുള്ള അവാര്‍ഡ് ദാന ചടങ്ങ് മെസിക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എന്ന് തോന്നിപോകും. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതിനുള്ള അവാര്‍ഡ് നാല് ഗോള്‍ അടിച്ച മെസിയും കൊളംബിയയുടെ ലൂയിസ് ഡിയാസും പങ്കിട്ടപ്പോള്‍ ടൂര്‍ണമെന്റെിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മെസി തന്നെയായിരുന്നു. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയത്.

ഇനിയുള്ളത് ലോകകപ്പാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് മെസിയും സംഘവും ഇറങ്ങുന്നത്. ഫുട്‌ബോളില്‍ നേടാവുന്നതെല്ലാം സ്വന്തമാക്കിയ മെസിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ലോകകപ്പ്. ഇത്തവണ അദ്ദേഹം അത് സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Writeup about Messi And Copa America win