കോഴിക്കോട്: വേതന വര്‍ധനവും നിയമനവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്കും സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്സിനും പിന്തുണയുമായി നടന്‍ സലിം കുമാര്‍.
കോഴിക്കോട് പുതിയ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവര്‍ണോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍.
ശബരിമലയിലും പഴനിയിലും തിരുപ്പതിയിലുമെല്ലാം ചെയ്യേണ്ട വഴിപാടുകള്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുമ്പിലാണ് ചെയ്യുന്നത് സലിം കുമാര്‍ പറഞ്ഞു. ആശ പ്രവര്‍ത്തകര്‍ തല മുണ്ഡനം ചെയ്യുന്നുവെന്നും സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് കയ്യില്‍ കര്‍പ്പൂരം വെച്ച് കത്തിക്കുന്നുവെന്നും മുട്ടിലിഴയുന്നുവെന്നും സലിം കുമാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഏകദേശം 50 ശതമാനം കുട്ടികളും ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞെന്നും ബാക്കിയുള്ളവര്‍ നാട്ടില്‍ നിന്ന് പോകുകയാണെന്നും സലിം കുമാര്‍ പറഞ്ഞു.
ഇതേ പരിപാടിക്കിടെ സലിം കുമാര്‍ നടത്തിയ ഒരു പരാമര്‍ശം വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളെല്ലാം മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് പോകുന്നതെന്നും ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടാകില്ല ഈ തിരക്കെന്നുമാണ് സലിം കുമാര്‍ പറഞ്ഞത്.
താന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം മുഴുവന്‍, ഒരു പെണ്‍കുട്ടി പോലും ഫോണില്‍ സംസാരിക്കാതെ പോകുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞിരുന്നു.
ചെറിയ വഴിയാണ് നമ്മളുടേതെന്നും ഈ വഴിയിലൂടെ പോകുമ്പോള്‍ ഹോണടിച്ചാല്‍ പോലും ഇവര്‍ മാറില്ലെന്നും നമ്മുടെ തലമുറയെ സംസ്‌കാരം എന്താണെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതോടെ നടനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പക്ഷപാതപരമായ പരാമര്‍ശമാണ് നടന്‍ നടത്തിയത് എന്നടക്കം വിമര്‍ശനമുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആശാ പ്രവര്‍ത്തകരെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. മൂന്ന് തവണ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി വി. ശിവന്‍കുട്ടി സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്.
Content Highlight: Salim Kumar supports the protest of ASHA workers and CPO ran holders