മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. ഒരുകാലത്ത് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടന്‍ ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടന്‍ കൂടിയാണ് അജു വര്‍ഗീസ്. പ്രണവ് മോഹന്‍ലാലിന്റെ കൂടെ രണ്ട് സിനിമകളില്‍ അഭിനയിക്കാനും അജുവിന് സാധിച്ചിരുന്നു.
ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവയായിരുന്നു ആ സിനിമകള്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സമയത്ത് പ്രണവിനൊപ്പമുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.
‘ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളില്‍ ഞാനും പ്രണവും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് ഞങ്ങള്‍ക്ക് നല്ലൊരു മൊമന്റ് സമ്മാനിക്കാന്‍ സാധിച്ചിരുന്നു.
ഞങ്ങള്‍ ഒരു രാത്രി ഒരുമിച്ച് ഇരുന്ന് കുറേ സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്തു. വളരെ നല്ല മനുഷ്യനാണ് പ്രണവ്. പിറ്റേന്ന് ഞാന്‍ ധ്യാനിനോടും വിനീതിനോടും ഒരു കാര്യം പറഞ്ഞു.
അന്ന് ഞങ്ങള്‍ മൂന്നാറിലായിരുന്നു. ആ വെളുപ്പിന് ഞാന്‍ ഒരുപക്ഷെ പ്രണവിനോട് നമുക്ക് കൊച്ചിയില്‍ പോകാമെന്ന് പറഞ്ഞിരുന്നെങ്കില്‍ അവന്‍ എന്നോടൊപ്പം വന്നേനേ.
പിറ്റേന്ന് ഷൂട്ടുണ്ടെങ്കിലും എന്നോടൊപ്പം വന്നേനേ. അത്രയേറെ ഞങ്ങള്‍ അന്ന് സംസാരിച്ചിരുന്നു. പ്രണവ് അയാളുടെ അച്ഛനെ പോലെ തന്നെയാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്.
മകനും മറ്റൊരാളുടെ സന്തോഷത്തില്‍ സന്തോഷം കാണുന്നുണ്ട്. ഞാന്‍ അന്ന് കൊച്ചിയില്‍ പോകാമെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്റെ സന്തോഷം ഓര്‍ത്തിട്ട് പ്രണവ് ‘നമുക്ക് പോവാം’ എന്ന് പറഞ്ഞേനേ,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Pranav Mohanlal