സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.
പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു.
താന്‍ സിനിമകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് എപ്പോഴാണെന്നും മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് അറിയുന്നത് ആരില്‍ നിന്നാണെന്നും പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. പേര്‍ളിമാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ സിനിമകള്‍ ഇഷ്ടപ്പെട്ട് തുടങ്ങുന്നത് എന്റെ അമ്മയും അച്ഛനും കാരണമാണ്. അവര്‍ ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. അവര്‍ ഫിലിം ഇന്‍ഡസ്ട്രിയുമായി ബന്ധമുള്ള ആളുകളായിരുന്നില്ല. പക്ഷെ സിനിമകള്‍ കാണും.
വീട്ടില്‍ വെച്ച് അവര്‍ സിനിമയെ പറ്റിയും മ്യൂസിക്കിനെ പറ്റിയുമൊക്കെ സംസാരിക്കുമായിരുന്നു. പിന്നെ അന്നൊക്കെ വീട്ടില്‍ എപ്പോഴും റേഡിയോയിലൂടെയും ഗ്രാമഫോണിലൂടെയുമൊക്കെ മ്യൂസിക്ക് കേള്‍ക്കുമായിരുന്നു.
അതുപോലെ അമ്മ എപ്പോഴും പഴയ സിനിമകളെ കുറിച്ചും പാട്ടുകളും കുറിച്ചും സംസാരിക്കും. അച്ഛനാണെങ്കില്‍ എപ്പോഴും രാജ് കപൂറിന്റെ സിനിമകളെ കുറിച്ചാണ് പറയുക.
അച്ഛന്‍ മലയാളിയാണ്, അമ്മ തമിഴും. അതുകൊണ്ട് വീട്ടില്‍ തമിഴ് – മലയാളം സിനിമകളെ കുറിച്ച് സംസാരിക്കും. പിന്നെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളൊക്കെ സ്ഥിരമായി വീട്ടില്‍ എല്ലാവരും കാണുമായിരുന്നു.
അങ്ങനെയാണ് ഞാന്‍ മലയാളത്തിലെ ആക്ടേഴ്‌സിനെ കുറിച്ചൊക്കെ അറിയുന്നത്. അവരുടെ സംസാരത്തിലൂടെയാണ് മനസിലാക്കുന്നത്. അവര്‍ എപ്പോഴും അവര് കണ്ട സിനിമകളെ കുറിച്ചും ആക്ടേഴ്‌സിനെ കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.
മണിരത്‌നം സാറിന്റെ നായകന്‍ എന്ന സിനിമ കണ്ട ശേഷമാണ് എനിക്ക് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. ആ സമയത്ത് ഒരുപാട് സിനിമകള്‍ ഞാന്‍ വീണ്ടും കണ്ടു. എഞ്ചിനീയറിങ് കഴിഞ്ഞപ്പോഴും എനിക്ക് സിനിമയോടായിരുന്നു താത്പര്യം,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content Highlight: Gautham Vasudev Menon Talks About How He Get Knowing Malayalam Actors