മലയാള സിനിമയ്ക്ക് തമിഴ്നാട്ടിലും ആരാധകരേറെയാണ്. ഇപ്പോഴത് കൂടിയിട്ടും ഉണ്ട്. അതിന്റെ പ്രധാനകാരണം ഒ.ടി.ടിയാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും അടക്കമുള്ള ചിത്രങ്ങള്‍ തമിഴ്നാട്ടിലും വന്‍ ഹിറ്റായിരുന്നു. അതിന്റെ ഭാഗമായി പുതിയ സിനിമകളിറങ്ങുമ്പോള്‍ തമിഴ്നാട്ടിലും മലയാള സിനിമകളുടെ പ്രമോഷന് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
ഇപ്പോള്‍ വിഷു റിലീസായി എത്തുന്ന പുതിയ ചിത്രം ആലപ്പുഴ ജിംഖാനയുടെ പ്രമോഷന് പരിപാടിക്കിടെ നസ്ലെന് ബാലയ്യക്ക് ജയ് പറഞ്ഞത് തമിഴ്നാട്ടില്‍ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൊട്ടാകെ വൈറലായിരിക്കുകയാണ്. എന്നാല്‍ നസ്ലെന് ആ പറഞ്ഞത് തെലുങ്കു പ്രേക്ഷകരെ ട്രോളിയതാണോ എന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും ചോദിക്കുന്നത്.
നസ്ലെന് നായകനാവുന്ന ഖാലിദ് റഹ്മാന് ചിത്രം ആലപ്പുഴ ജിംഖാനയുടെ പ്രമോഷന് പരിപാടിക്കായി അണിയറക്കാര്‍ ചെന്നൈ എസ്.ആര്.എം യൂണിവേഴ്സിറ്റിയില്‍ എത്തിയിരുന്നു. പരിപാടിയില്‍ നസ്ലെന് പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നതിനൊപ്പം തെലുങ്ക് പ്രേക്ഷകര്‍ ഉണ്ടോയെന്ന് ചോദിക്കുകയും തുടര്‍ന്ന് എല്ലാം നമ്മുടെ ആളുകളാണെന്ന് പറയുകയും ഒപ്പം തന്നെ കൈ ഉയര്‍ത്തി ‘ജയ് ബാലയ്യ’ എന്ന് പറയുകയുമായിരുന്നു.
ഇതിന് പിന്നാലെ വലിയ തരത്തിലുള്ള ആരവും അവിടെ നിന്ന് കേള്‍ക്കാന്‍ സാധിക്കും. തുടർന്ന് ഈ രംഗങ്ങൾ വൈറലായതിന് പിന്നാലെ ബാലയ്യയുടെ ആരാധകരും സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നസ്ലെന് ബാലയ്യയെ ട്രോളിയതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വീഡിയോയുടെ താഴെ കേരള മോഡല്‍ ഊക്ക് ആണെന്നും ബാലയ്യയെ ട്രോളിയതാണോ എന്നും ചിലര്‍ കമൻ്റുകൾ ചെയ്യുന്നുണ്ട്.
ഖാലിദ് റഹ്മാന് തല്ലുമാലക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി എത്തുന്ന ചിത്രത്തില്‍ നസ്ലെന്, ലുക്മാന് അവറാന്, അനഘ രവി, ഗണപതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം.
Content Highlight: Social Media Trolled Balayya Statement During Alapppuzha Gymkhana Film Promotion