national news
എ.എന്‍.ഐക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; വിക്കിപീഡിയക്കെതിരായ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 07:12 am
Wednesday, 9th April 2025, 12:42 pm

ന്യൂദല്‍ഹി: വിക്കിപീഡിയയില്‍ നിന്ന് എ.എന്‍.ഐക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നീക്കം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി.

ജസ്റ്റിസുമാരായ പ്രതിഭ സിങ്, രജനീഷ് കുമാര്‍ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.

നേരത്തെ എ.എന്‍.ഐയുടെ വിക്കിപീഡിയ പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള സംരക്ഷണ പദവി നീക്കം ചെയ്യണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

പ്ലാറ്റ്ഫോമിലെ ലേഖനങ്ങള്‍ മറ്റാര്‍ക്കും എഡിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് വിക്കീപീഡിയ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് എ.എന്‍.ഐയെ പ്രതികൂലമായി ബാധിക്കുമെന്നും സിംഗിള്‍ ജഡ്ജി നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വിക്കിമീഡിയ ഫൗണ്ടേഷന്‍ വഴി വിക്കിപീഡിയ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) നിയമങ്ങളിലെ റൂള്‍ മൂന്ന് (ഒന്ന്) (ഡി) അനുസരിച്ച്, കോടതി നിര്‍ദേശിച്ചാല്‍ ഒരു ഇടനിലക്കാരന്‍ 36 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി

അതേസമയം കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും പാലിക്കുമെന്ന് വിക്കിപീഡിയക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. നിയമപരമായ വിലയിരുത്തലില്ലാതെ തീരുമാനങ്ങളെടുക്കുന്നതില്‍ അപകടസാധ്യതയുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

എ.എന്‍.ഐ കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരകരാണെന്ന് പരാമര്‍ശിക്കുന്ന പേജാണ് വിക്കീപീഡിയയോട് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നത്.

ഒരു വാര്‍ത്താ ഏജന്‍സിയെ ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ കളിപ്പാവയെന്നോ സര്‍ക്കാരിന്റെ പിടിവള്ളിയെന്നോ വിളിക്കുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലെങ്കില്‍ തിരിച്ച് പോകണമെന്നും വിക്കിപീഡിയക്ക് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

Content Highlight: Defamatory remarks against ANI; Delhi High Court refuses to stay order against Wikipedia