Advertisement
national news
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിപരമായ പരാമർശം; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 05:55 am
Friday, 25th April 2025, 11:25 am

ബെംഗളൂരു: പഹൽഗാം ആക്രമണത്തിന് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രചരിപ്പിച്ച ബി.ജെപി ഐ.ടി സെല്ലിനെതിരെ കേസ്. പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെയും ബന്ധിപ്പിച്ചായിരുന്നു ബി.ജെ.പി ഐ.ടി സെല്ലിന്റെ പോസ്റ്റ്.

രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും എന്നായിരുന്നു പോസ്റ്റ്. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബി.ജെ.പി ഐ.ടി സെൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) നിയമ സെൽ മേധാവി സി.എം. ധനഞ്ജയയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ, ഹൈഗ്രൗണ്ട്സ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 353(2) എന്നിവ പ്രകാരം ആളുകൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിനും കേസെടുത്തു.

പഹൽഗാം സംഭവത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലെ കേന്ദ്രത്തിന്റെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ബി.ജെ.പി നടത്തിയ ശ്രമമാണിതെന്ന് ധനഞ്ജയ വിമർശിച്ചു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം സ്‌ഫോടനത്തില്‍ തകർത്തു. ഭീകരാക്രമണത്തിലെ മൂന്ന് പ്രതികളില്‍ ഒരാളായ ദക്ഷിണ കശ്മീരിലെ ത്രാലിലുള്ള ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടും ആസിഫ് ഫൗജി എന്ന ആസിഫ് ഷെയ്ക്കിന്റെ വീടുമാണ് തകര്‍ക്കപ്പെട്ടത്.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലക്കാരനായ തോക്കര്‍ ചൊവ്വാഴ്ച നടന്ന പഹല്‍ഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. ആസിഫ് ഷെയ്ഖിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

കൂടാതെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹാഷിം മൂസ, അലിഭായ് എന്ന തല്‍ഹ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞദിവസം ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്‍ഷമായി കശ്മീര്‍ താഴ്‌വരയിലുളളവരാണ്. മൂസ 2023ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്‍ത്തന കേന്ദ്രം.

 

Content Highlight: Case against BJP IT cell for Rahul Gandhi post after Pahalgam attack