Entertainment
ആ സിനിമയോടെ 'നായരുകുട്ടിയായി' മലയാളികൾ എന്നെ സ്വീകരിച്ചു: ഗൗതമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 06:29 am
Friday, 25th April 2025, 11:59 am

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗൗതമി. ദയമായുധു എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന ഗൗതമി മോഹൻലാൽ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള താരമായിരുന്നു ഗൗതമി.

അഭിനയത്തിന് പുറമെ സിനിമയിലെ മറ്റ് മേഖലകളിലും താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഗൗതമി പറയുന്നു. ദശാവതാരം എന്ന സിനിമയിൽ കോസ്റ്റിയൂം ഡിസൈൻ ചെയ്തത് താനാണെന്നും എങ്കിലും അഭിനയത്തോട് ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ടെന്നും ഗൗതമി പറഞ്ഞു. ആദ്യ മലയാള സിനിമയായ ‘ഹിസ് ഹൈനസ് അബ്‌ദുള്ള’യിൽ അഭിനയിക്കാനെത്തുമ്പോൾ കുഞ്ഞുകുട്ടിയോടുള്ള കരുതലും സ്നേഹവും തനിക്ക് കിട്ടിയെന്നും ആ ചിത്രത്തോടെ ‘നായരുകുട്ടിയായി’ മലയാളികൾ തന്നെ സ്വീകരിച്ചെന്നും നടി കൂട്ടിച്ചേർത്തു.

‘അഭിനയത്തിൽ മാത്രമല്ല പത്ത് വർഷത്തോളം സിനിമയുടെ പിന്നണിയിലും പ്രവർത്തിച്ചു. ദശാവതാരത്തിലാണ് ആദ്യമായി കോസ്റ്റിയൂം ഡിസൈൻ ചെയ്ത‌ത്. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. എങ്കിലും അഭിനയത്തിനോട് എനിക്കൊരിത്തിരി ഇഷ്‌ടക്കൂടുതലുണ്ട്. അതിൽ ഞാൻ തന്നെയാണ് എൻ്റെ വിജയത്തിനും പരാജയത്തിനും കാരണം.

‘ഹിസ് ഹൈനസ് അബ്‌ദുള്ള’യിൽ അഭിനയിക്കാനെത്തുമ്പോൾ കുഞ്ഞുകുട്ടിയോടുള്ള കരുതലും സ്നേഹവും എനിക്ക് കിട്ടി

എന്തുകൊണ്ട് പരാജയപ്പെട്ടു എന്തുകൊണ്ട് വിജയിച്ചു എന്നുള്ളതിന് ഞാൻ തന്നെയാണ് ഉത്തരം നൽകേണ്ടത്. മറ്റു പല ജോലികളിലും ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരിക്കും. ജയവും തോൽവിയും അവരോടും കൂടി ബന്ധപ്പെട്ടിരിക്കുന്നു.

ആദ്യ മലയാള സിനിമയായ ‘ഹിസ് ഹൈനസ് അബ്‌ദുള്ള’യിൽ അഭിനയിക്കാനെത്തുമ്പോൾ കുഞ്ഞുകുട്ടിയോടുള്ള കരുതലും സ്നേഹവും എനിക്ക് കിട്ടി. പദ്‌മനാഭപുരം പാലസിലെ ആദ്യദിനം നല്ല ഓർമയുണ്ട്. സുകുമാരി ചേച്ചി, കെ.പി.എ.സി ലളിതചേച്ചി നെടുമുടി വേണുഏട്ടൻ എല്ലാവരും ഉണ്ട്. എനിക്ക് മലയാളം അറിയില്ലായിരുന്നു. എങ്കിലും ആ സിനിമയോടെ ‘നായരുകുട്ടിയായി’ മലയാളികൾ എന്നെ സ്വീകരിച്ചു. ഇപ്പോഴും ധ്രുവത്തിലെ മൈഥിലിയെ കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമാണ്. മേക്കപ്പ് അധികമില്ലാത്ത ഒരു പാവം പെൺകുട്ടി,’ ഗൗതമി പറയുന്നു.

Content Highlight: Gautami Talks About His Highness Abdhulla movie