ന്യൂദല്‍ഹി: ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരവാദി അല്‍ത്താഫ് ലല്ലിയെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയെ സൈന്യം വെടിവെച്ചു കൊന്നത്.
ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പ്രദേശത്തെത്തിയ സൈന്യം ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
24 മണിക്കൂറിനിടെ സൈന്യവും ഭീകരരും തമ്മില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
അതേസമയം പാക് നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരിലെ ഉധംപുരിയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ ഇന്നലെ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന ഒരു ഇന്ത്യന്‍ സൈനികന്‍ ഇപ്പോഴും പാകിസ്ഥാന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. ഇദ്ദേഹത്തിന്റെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടയില്‍ പാകിസ്ഥാനെതിരെ ശക്തമായ ഒരു നടപടിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പാകിസ്ഥാന്‍ ഷിംല കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര് റദ്ദാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ കാര്യം ചര്‍ച്ച ചെയ്യാനായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം ചേരും.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം സ്ഫോടനത്തില്‍ തകര്‍ത്തു. ഭീകരാക്രമണത്തിലെ മൂന്ന് പ്രതികളില്‍ ഒരാളായ ദക്ഷിണ കശ്മീരിലെ ത്രാലിലുള്ള ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടും ആസിഫ് ഫൗജി എന്ന ആസിഫ് ഷെയ്ക്കിന്റെ വീടുമാണ് തകര്‍ക്കപ്പെട്ടത്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലക്കാരനായ തോക്കര്‍ ചൊവ്വാഴ്ച നടന്ന പഹല്‍ഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. ആസിഫ് ഷെയ്ഖാകട്ടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ആളാണ്.
Content Highlight: Lashkar-e-Taiba commander Altaf Lalli killed by army