Advertisement
Movie Day
രണ്ട് തവണ അഭിനയം നിര്‍ത്തി പോയിട്ടും എനിക്ക് ആ നടിയെ തിരിച്ച് കൊണ്ട് വരാന്‍ കഴിഞ്ഞു: സത്യന്‍ അന്തിക്കാട്

മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ, രസതന്ത്രം മുതലായ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമാണ് കെ.പി.എ.സി ലളിത. ഇപ്പോള്‍ കെ.പി.എ.സി ലളിതയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

തന്റെ സിനിമകളിലെ അവിഭാജ്യ ഘടകമാണ് കെ.പി.എ.സി ലളിതയെന്നും അവര്‍ ഇല്ലാത്ത സിനിമകളെ പറ്റി തനിക്ക് പലപ്പോഴും ആലോചിക്കാനെ കഴിയാറില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. രണ്ട് തവണ അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോഴും തനിക്ക് ലളിതയെ തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത് താനൊരു വലിയ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ഭരതനുമായുള്ള കല്യാണത്തിന് ശേഷം മാറി നിന്നപ്പോള്‍ ഭരതന്റെ നിര്‍ബന്ധ പ്രകാരം തന്നെയാണ് അവരെ തന്റെ ‘അടുത്തടുത്ത്’ എന്ന ചിത്രത്തില്‍ കൊണ്ടുവന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഭരതന്റെ വിയോഗത്തിന് ശേഷം വീണ്ടും അഭിനയത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ തന്റെ ‘വീണ്ടും ചില കാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെ അവരെ തിരിച്ച് കൊണ്ടു വന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലളിത ചേച്ചി എന്റ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു. എന്റെ സിനിമ എന്ന് പറയുമ്പോള്‍ തന്നെ ലളിത ചേച്ചി, മാമൂക്കോയ, ഇന്നസെന്റ് ഇവരൊന്നും ഇല്ലാത്ത പടങ്ങളെ പറ്റി പലപ്പോഴും ഞാന്‍ ആലോചിക്കാറെ ഇല്ല. ചേച്ചി തന്നെ പറഞ്ഞിട്ടുള്ളത് ഭരതേട്ടനെക്കാള്‍ കൂടുതല്‍ എന്റെ സിനിമയിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത് എന്നാണ്. എനിക്ക് വൈകാരികമായി തോന്നുന്ന ഒരു സന്തോഷം എന്ന് പറയുന്നത്, രണ്ട് തവണ അഭിനയം നിര്‍ത്തി പോയിട്ടും ചേച്ചിയെ അഭിനയരംഗത്തേക്ക് തിരിച്ച് കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതാണ്. അത് എന്റെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

ആദ്യം ഭരതേട്ടനെ കല്യാണം കഴിച്ചതിന് ശേഷം ഇനി സിനിമാരംഗത്തേക്ക് ഇല്ല, കുടുംബ ജീവിതത്തിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് പിന്മാറിയത്. ആ സമയത്ത് ഞാന്‍ ‘അടുത്തടുത്ത്’ എന്നൊരു സിനിമ പ്ലാന്‍ ചെയ്യുകയായിരുന്നു. തിലകനും, ലളിത ചേച്ചിയും സുകുമാരി ചേച്ചിയും, കരമനയും ഒക്കെയുള്ള ടീം ആയിരുന്നു അത്. അപ്പോള്‍ ലളിത ചേച്ചി സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ജോണ്‍പോളിന്റെ അടുത്ത് ചോദിച്ചു, ഭരതേട്ടനെ സ്വാധീനിച്ചിട്ട് നമുക്ക് അവരെ സിനിമയിലേക്ക് കൊണ്ട് വരാന്‍ പറ്റുമോ എന്ന്. അങ്ങനെ ഭരതേട്ടന്‍ നിര്‍ബന്ധിച്ചിട്ടാണ് ‘അടുത്തടുത്ത്’ എന്ന സിനിമയില്‍ ചേച്ചി വന്നത്. പിന്നെ തുടര്‍ച്ചയായി ചേച്ചി അഭിനയിക്കേണ്ടി വന്നു.

അതിനേക്കാള്‍ തീവ്രമായ ദു:ഖത്തോടെയാണ് ഭരതേട്ടന്റെ വിയോഗത്തിന് ശേഷം ഇനി അഭിനയരംഗത്തേക്ക് ഇല്ല എന്ന് പറഞ്ഞ് മാറിനിന്നത്. അപ്പോളാണ് ഞാന്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത്. തിലകനും ലളിത ചേച്ചിയും മസ്റ്റാണ് അതില്‍. അവരില്ലാതെ എനിക്ക് ആ സിനിമ ആലോചിക്കാനെ പറ്റില്ല. അങ്ങനെ മക്കളായ സിദ്ധാര്‍ത്ഥിനെയും ശ്രീകുട്ടിയെയും സ്വാധീനിച്ചിട്ട് അവരുടെ നിര്‍ബന്ധത്തോട് കൂടിയാണ് ചേച്ചി എന്റെ സിനിമയിലേക്കും, തുടര്‍ന്ന് അഭിനയരംഗത്തേക്കും വീണ്ടും തിരിച്ച് വന്നത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad talks about K.P.A.C Lalitha