Kerala News
പുലിപ്പല്ല് മാല ഉപയോഗിച്ച് വന്യജീവി സംരക്ഷണം നിയമം ലംഘിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 04:25 pm
Tuesday, 29th April 2025, 9:55 pm

തൃശൂര്‍: പുലിപ്പല്ല് മാല ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. ഐ.എന്‍.ടി.യു.സി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഇത് വന്യജീവി സംരക്ഷണം നിയമത്തിന്റെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

പുലിപ്പല്ല് മാല കൈവശംവെച്ചുവെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ വനംവകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേയും പരാതി ഉയര്‍ന്നിരിക്കുന്നത്. വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം 3 കോടതിയുടെതാണ് നടപടി. തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇന്നലെയാണ് വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് വേടനെ കസ്റ്റഡിയിലെടുത്തത്.  ആറ്‌ ഗ്രാം കഞ്ചാവ് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം.

തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് ഒമ്പത് പേരെയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.

റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാന്‍ സാധിക്കുമെന്നും ഇവര്‍ക്കെല്ലാവര്‍ക്കുംവന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള അനുമതി ലഭിച്ചിട്ടാണോ ഇതൊക്കെ കഴുത്തില്‍ ഇട്ടു നടക്കുന്നതെന്ന്‌ ചോദിച്ചിരുന്നു. സുരേഷ് ഗോപി പുലിപല്ലിന്റെ ആകൃതിയിലുള്ള മാല ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് വാസുദേവന്റെ പരാമര്‍ശം.

സുരേഷ് ഗോപിയുടെ സ്വര്‍ണ നിറത്തിലുള്ള പുലിപ്പല്ലിന്റെ മാല ചൂണ്ടിക്കാണിച്ച് ഇദ്ദേഹത്തിന്റെ ദേഹത്തുള്ള മാല നല്ല ഭംഗിയുണ്ട്, പുലി പല്ലാണോ അതോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചു ഹരീഷ് വാസുദേവന്‍ ചോദിച്ചിരുന്നു.

Content Highlight: Complaint filed against Suresh Gopi for violating wildlife protection law by wearing tiger tooth necklace