മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കലാഭവന്‍ മണി. മിമിക്രിവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടി. കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മമ്മൂട്ടി.
കലാഭവന്‍ മണിയെ ആദ്യമായി കണ്ടപ്പോള്‍ അത്ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നതെന്നും കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളില്‍ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നു. തൃശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വരുന്നത് പതിവായിരുന്നുവെന്നും തനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരുമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നുവെന്ന് ഒരിക്കല്‍ മണി പറഞ്ഞെന്നും അത് കേട്ട് ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം കുറേ പഴയ കഥകള്‍ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുചെയ്തതായി അറിഞ്ഞാല്‍ വിളിച്ച് ശാസിക്കാനുള്ള അധികാരം കലാഭവന്‍ മണി തനിക്ക് നല്‍കിയിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.
‘മണിയെ ആദ്യമായി കണ്ട നാളുകളില്‍ എനിക്ക് അത്ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നു. കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് വീട്ടിലെ സംസാരങ്ങളില്‍ പറഞ്ഞിരുന്നതും.
കാറിന്റെ ഡിക്കിയില്‍ നിറയെ പഴങ്ങളും പച്ചക്കറികളും ചെടിത്തൈകളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. തൃശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വന്നുകയറുന്നത് പതിവായിരുന്നു. ആടും കോഴിയുമെല്ലാം കരുതിയിരിക്കും, കൂടെ പാചകത്തിനൊരാളെയും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും.
ഒഴിവുസമയങ്ങളില്‍ സംസാരത്തില്‍ നിറയെ പാട്ടും തമാശയും നിറയ്ക്കും. സിനിമയില്‍ വന്നശേഷം ഒരിക്കല്‍ മണി പറഞ്ഞു ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നുവെന്ന്. അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകള്‍ പറഞ്ഞു.
തെറ്റുചെയ്തതായി അറിഞ്ഞാല്‍ വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നു. ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓര്‍മയിലുണ്ട്,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talks About Kalabhavan Mani