2025 IPL
അയ്യട അയ്യരെ...വെടിക്കെട്ട് ബാറ്റര്‍ എന്ന പേര് പോകാനായിട്ടുണ്ട്; സീസണിലെ മോശം റെക്കോഡിലും കൈവെച്ച് വെങ്കിടേഷ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 05:00 pm
Tuesday, 29th April 2025, 10:30 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് ആണ് ടീമിനെ നേരിടാന്‍ സാധിച്ചത്. ഇതോടെ വിജയലക്ഷ്യം മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്താനാണ് ദല്‍ഹി ഉന്നം വെക്കുന്നത്. കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്.

ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഗുര്‍ബാസിനെയായിരുന്നു ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.

മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ നരേന്‍ 16 പന്തില്‍ 27 റണ്‍സും നേടിയാണ് പുറത്തായത്.

നിരാശജനകമായ പ്രകടനമാണ് വെങ്കിടേഷ് അയ്യര്‍ പുറത്തെടുത്തത്. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. വെങ്കിയെ വിപ്രജ് നിഗത്തിന്റെ കൈകളില്‍ എത്തിച്ച് ദല്‍ഹി നായകന്‍ അക്സര്‍ പട്ടേലാണ് മടക്കിയയച്ചത്. ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത വൈസ് ക്യാപ്റ്റന്‍ കൂടിയായ അയ്യര്‍ ഒരു മോശം നേട്ടവും നേടിയിരിക്കുകയാണ്.

2025 സീസണില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റാകുന്ന താരമെന്ന മോശം റെക്കോഡാണ് അയ്യര്‍ തലയിലണിഞ്ഞത്. മാത്രമല്ല സീസണില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് നാല് തവണയാണ് വെങ്കി സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്നത്.

2025 സീസണില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റാകുന്ന താരം,എണ്ണം എന്ന ക്രമത്തില്‍

വെങ്കിടേഷ് അയ്യര്‍ – 3

അജിന്‍ക്യ രഹാനെ – 2

പ്രഭ്‌സിമ്രാന്‍ സിങ് – 2

ഹെന്റിച്ച് ക്ലാസന്‍ – 2

റിയാന്‍ പരാഗ് – 2

ദല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സ് വഴങ്ങി വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ വിപ്രജ് നിഗം 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്. നിലവില്‍ മറുപടി ബാറ്റ് ചെയ്യുന്ന ദല്‍ഹി ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്.

Content Highlight: IPL 2025: Venkidesh Iyer In Unwanted Record Achievement