2025 IPL
ദ്രാവിഡും ഗെയ്‌ലും വാഴുന്ന അപൂര്‍വ റെക്കോഡ് ലിസ്റ്റില്‍ ഇനി ഫാഫും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 05:33 pm
Tuesday, 29th April 2025, 11:03 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് ആണ് ടീമിനെ നേരിടാന്‍ സാധിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്.

നിലവില്‍ മറുപടി ബാറ്റ് ചെയ്യുന്ന ദല്‍ഹി 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഭിഷേക് പോരല്‍ നാല് റണ്‍സിന് പുറത്തായതോടെ കളത്തിലെത്തിയ മലയാളി താരം കരുണ്‍ നായര്‍ 15 റണ്‍സിനും പുറത്തായതോടെ ടീം സമ്മര്‍ദത്തിലായി. തുടര്‍ന്ന് ഇറങ്ങിയ കെ.എല്‍. രാഹുല്‍ ഏഴ് റണ്‍സിന് റണ്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നത് ദല്‍ഹി ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയാണ്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സ് നേടി ഫാഫിന് കൂട്ടു നിന്നു. 36 പന്തില്‍ 57* റണ്‍സ് നേടി പുറത്താകാതെയാണ് ഫാഫ് തിളങ്ങുന്നത്. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 40ാം വയസില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന നാലാമത്തെ താരമാകാനാണ് ഫാഫിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡാണ് മുന്നില്‍.

ഐ.പി.എല്ലില്‍ 40ാം വയസില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം

രാഹുല്‍ ദ്രാവിഡ് – 4

ക്രിസ് ഗെയ്ല്‍ – 3

ആദം ഗില്‍ക്രിസ്റ്റ് – 2

ഫാഫ് ഡുപ്ലെസി – 2

ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഗുര്‍ബാസിനെയായിരുന്നു ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.

മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ നരേന്‍ 16 പന്തില്‍ 27 റണ്‍സും നേടിയാണ് പുറത്തായത്.

നിരാശജനകമായ പ്രകടനമാണ് വെങ്കിടേഷ് അയ്യര്‍ പുറത്തെടുത്തത്. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. വെങ്കിയെ വിപ്രജ് നിഗത്തിന്റെ കൈകളില്‍ എത്തിച്ച് ദല്‍ഹി നായകന്‍ അക്സര്‍ പട്ടേലാണ് മടക്കിയയച്ചത്.

ദല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സ് വഴങ്ങി വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ വിപ്രജ് നിഗം 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്.

Content Highlight: IPL 2025: Faf Du Plessis In Grear Record Achievement In IPL