കൊച്ചി: സംസ്ഥാനത്തെ പാഴ്‌സി വിഭാഗത്തിന്റെ ജനസംഖ്യ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. 2001ല്‍ 100 പേരുണ്ടായിരുന്നതില്‍ നിന്നാണ് 2025ലെത്തുമ്പോള്‍ ആറായിട്ടാണ് സംസ്ഥാനത്തെ പാഴ്‌സി ജനസംഖ്യ കുറഞ്ഞത്. സ്വന്തം വിഭാഗത്തില്‍ നിന്ന് പങ്കാളികളെ കിട്ടാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശപ്രകാരം കേരള മീഡിയ അക്കാദമി ജേണലിസം വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിതയത്. പാഴ്‌സി വിഭാഗത്തിന്റെ മതാചാര പ്രകാരം അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ ആ ബന്ധത്തില്‍ ജനിച്ച കുട്ടികളെ പാഴ്‌സികളായി വളര്‍ത്താന്‍ സാധിക്കില്ല. ഇത്തരത്തില്‍ അന്യമതസ്ഥരെ വിവാഹം ചെയ്ത് സംസ്ഥാനത്ത് പാഴ്‌സികളല്ലാതായി മാറിയവര്‍ നിരവധിയാണ്. കൂടാതെ മെച്ചപ്പെട്ട ജീവിതസൗകര്യം തേടി പാഴ്‌സി വിഭാഗത്തിലെ യുതലമുറ വിദേശത്തേക്ക് കുടിയേറുന്നതും സംസ്ഥാനത്തെ പാഴ്‌സി ജനസംഖ്യ കുറയാന്‍ കാരണമായിട്ടുണ്ട്.
പാഴ്‌സികള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്, ജൈന വിഭാഗങ്ങളുടെ അംഗസഖ്യയും കുറഞ്ഞിട്ടുണ്ട്. ബുദ്ധമതവിശ്വാസികളുടെ എണ്ണം മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. 2001ല്‍ കേരളത്തില്‍ 2762 സിഖുകാരാണുണ്ടായിരുന്നത്. ഇപ്പോഴത് 350 പേരായി ചുരുങ്ങി.
എറണാകുംളം, തിരുവനന്തപുരം ജില്ലകളിലാണ് ഇവരില്‍ ഭൂരിഭാഗം പേരും താമസിക്കുന്നത്. ജൈനമതക്കാരുടെ എണ്ണത്തിലും രണ്ട് പതിറ്റാണ്ടിനുള്ളില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 4528 പേരില്‍ നിന്ന് 3000 പേരായി. ജനസംഖ്യ കൂടിയ ഏകവിഭാഗം ബുദ്ധമതസ്ഥരാണ്. 2027ല്‍ നിന്ന് 4000 ആയാണ് ബുദ്ധമതവിശ്വാസികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മറ്റ് മതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് മാറിയവരും ഇക്കൂട്ടത്തിലുണ്ട്.
എന്നാല്‍ ജൂതന്മാരെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ പട്ടികയില്‍ ജൂതന്മാരെ ഉള്‍പ്പെടുത്താത്തതിനാലാണ് ഇവരെ പഠനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഒരു കാലത്ത് സംസ്ഥാനത്തെ പ്രബലവിഭാഗമായിരുന്നു ജൂതന്മാര്‍. എന്നാല്‍ ഇന്ന് നിലവിലെ എണ്ണം വളരെ കുറവാണ്. പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഉടന്‍ കൈമാറും.
സൂക്ഷ്മന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനാന്‍ കമ്മിഷന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് കേരള ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് പ്രതികരിച്ചു. ഓരോ സമുദായത്തിന്റെയും സാംസ്‌കാരികവും വിശ്വാസപരവുമായ അടയാളങ്ങളെയും ആരാധനലായങ്ങളെയും സംരക്ഷിക്കാനുള്ള സുരക്ഷിതമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Minority population in the state is decreasing; least number of Parsis, Sikhs, Jains; slight increase in Buddhists