നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്‌കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍ സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, വിശാല്‍ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദര്‍. സിയാണ്.
വിജയ് സേതുപതിയെ കുറിച്ച് സംസാരിക്കുകയാണ് സുന്ദര്‍. സി. അരണ്‍മനൈ 4 വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വിജയ് സേതുപതി വിളിച്ച് താന്‍ 30 വര്‍ഷം മുമ്പ് ചെയ്ത മുറൈ മാമന്‍ എന്ന സിനിമ കണ്ടുവെന്ന് പറഞ്ഞെന്ന് സുന്ദര്‍ പറയുന്നു.
വിജയ് സേതുപതി ആ സിനിമ വളരെ ആസ്വദിച്ച് കണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്ക് വളരെ സന്തോഷം തോന്നിയെന്നും താനും വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍. സി.
‘അരണ്‍മനൈ 4 വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് വിജയ് സേതുപതി എന്നെ വിളിക്കുന്നത്. ഞാനും കരുതി അരണ്‍മനൈ 4 ഇഷ്ടമായതുകൊണ്ട് എന്തെങ്കിലും പറയാനായി വിളിച്ചതാകുമെന്ന്.
പക്ഷെ അദ്ദേഹം പറഞ്ഞത് ‘സാര്‍, മുറൈ മാമന്‍ കണ്ടു സാര്‍, അടിപൊളി സിനിമയാണ്’ എന്നാണ്. 30 വര്‍ഷമായി ഞാന്‍ സിനിമ ചെയ്തിട്ട്. പക്ഷെ ഇപ്പോഴാണ് അദ്ദേഹം വിളിച്ചിട്ട് ആ സിനിമയുടെ കാര്യം പറയുന്നത്. അദ്ദേഹം ആ സിനിമ വളരെ ആസ്വദിച്ചാണ് കണ്ടത് എന്നൊക്കെ പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ നല്ല രസമായിരുന്നു.
എനിക്കത് ഭയങ്കര സന്തോഷമായിരുന്നു. കാരണം അത് എഴുതുമ്പോള്‍ തന്നെ എനിക്ക് വളരെ ഇഷ്ടമായതായിരുന്നു ആ സിനിമയിലെ ഓരോ ഡയലോഗും. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ അത് ആസ്വദിച്ച് കാണുന്നുണ്ട് എന്നറിയുമ്പോള്‍ വല്ലാത്ത സന്തോഷം,’ സുന്ദര്‍. സി പറയുന്നു.
Content Highlight: Sundar C Talks About Vijay Sethupathi