Entertainment
തുടരും റിലീസായതോടെ ഞാന്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന ചിലരുടെ ധാരണ മാറി: ചന്ദ്രകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 09:02 am
Tuesday, 29th April 2025, 2:32 pm

ഒരുപിടി മികച്ച പുതിയ അഭിനേതാക്കളേയും ഒപ്പം പലരും മറന്നുപോയ ചില മുഖങ്ങളേയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും.

മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായിരുന്ന പി. ചന്ദ്രകുമാര്‍ വളരെ ശക്തമായൊരു വേഷത്തില്‍ ചിത്രത്തില്‍ എത്തിയിട്ടുണ്ട്.

മധു, പ്രേം നസീര്‍ തുടങ്ങി മലയാളത്തിലെ പഴയകാല നായകന്‍മാരെ വെച്ച് മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ചന്ദ്രകുമാറിന്റെ ആക്ടറായുള്ള മലയാള സിനിമയിലേക്കുള്ള എന്‍ട്രി കൂടിയാണ് തുടരും.

മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു ചിത്രം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചന്ദ്രകുമാര്‍ പറയുന്നു.

താന്‍ മരണപ്പെട്ടുപോയെന്നാണ് പലരും കരുതിയതെന്നും തുടരും റിലീസായതോടെ ആ ധാരണ മാറിക്കിട്ടിയെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ പറയുന്നുണ്ട്.

‘ പലരും സിനിമ കണ്ടിട്ട് ഞാന്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ എന്നെ വിളിക്കുന്നുണ്ട്. ഈ കഴിഞ്ഞ മാസം വരെ പലര്‍ക്കും ഞാന്‍ ഇവിടെയുണ്ടെന്ന് അറിയില്ല. കഴിഞ്ഞ മാസം നെന്മാറ വേല ഉണ്ടായിരുന്നു.

അത് ഷൂട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ പോയപ്പോള്‍ അവിടെ വെച്ച് ഒരാളെ പരിചയപ്പെട്ടു. പേരൊക്കെ ചോദിച്ചപ്പോള്‍ എന്റെ പേര് ചന്ദ്രകുമാര്‍ എന്നാണെന്നും സിനിമാ സംവിധായകനാണെന്നും പറഞ്ഞു.

പണ്ടൊരു പി. ചന്ദ്രകുമാര്‍ ഉണ്ടായിരുന്നല്ലോ അയാള്‍ ഇപ്പോള്‍ ഉണ്ടോ, ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു. അയാളൊക്കെ ചത്ത് പോയിട്ട് കാലം കുറേ ആയിട്ടുണ്ടാകും എന്ന് പറഞ്ഞു.

കാരണം അവര്‍ കാണുന്നത് മധു, പ്രേം നസീര്‍ എന്നിവരെയൊക്കെ വെച്ച് സിനിമയെടുത്ത ചന്ദ്രകുമാറിനെയാണ്. മധുവിന് വരെ 91 വയസായി. അപ്പോള്‍ അവരേക്കാള്‍ മൂത്ത ആളായിരിക്കുമല്ലോ അവരെ വെച്ച് സിനിമ എടുത്ത ഞാന്‍ എന്നാണ് ചിലര്‍ കരുതുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാനേ സാധ്യതയില്ല എന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. ആ ധാരണ മാറിയത് തുടരും റിലീസായപ്പോഴാണ് എന്നാണ് തോന്നുന്നത്.

ചന്ദ്രേട്ടന്‍ എവിടെയാ ഉള്ളതെന്ന് ചോദിച്ച് പലരും വിളിച്ചു. ചന്ദ്രേട്ടന്‍ എവിടെയാ എന്ന പടം റിലീസായിട്ട് കുറേ കൊല്ലമായില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിക്കും.

ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കണം എന്നുണ്ടായിരിക്കും. എനിക്കറിയില്ല. ഈ 56 കൊല്ലത്തിനിടയ്ക്ക് ഒരിക്കലും ഞാന്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.

എനിക്ക് വേണമെങ്കില്‍ ഞാന്‍ സംവിധാനം ചെയ്ത എത്രയോ സിനിമകളില്‍ അഭിനയിക്കാമായിരുന്നു. ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് തോന്നിയിട്ടുമില്ല.

ഇപ്പോള്‍ എല്ലാവരും, ചന്ദ്രേട്ടന്‍ എന്താ അഭിനയിക്കാന്‍ വൈകിപ്പോയത്, നേരത്തെ തുടങ്ങാമാമായിരുന്നില്ലേ എന്നൊക്കെ ചോദിച്ചു. എനിക്ക് തോന്നിയില്ല. മറ്റൊരു ഡയറക്ടര്‍ക്കാണ് എന്നെ കൊണ്ട് അഭിനയിപ്പിക്കണം എന്ന് തോന്നിയത്. അല്ലാതെ എനിക്കല്ല തോന്നിയത്. എന്റെ മനസില്‍ ഒരിക്കലും ഒരു ആക്ടര്‍ ആകുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല,’ ചന്ദ്രകുമാര്‍ പറയുന്നു.

Content Highlight: Director P Chandrakumar about Thudarum Movie and his comeback