Entertainment
മൈന്യൂട്ടായ എക്‌സ്പ്രഷനിലൂടെ സംസാരിക്കുന്ന നടന്‍; അദ്ദേഹത്തിന് പകരക്കാരനില്ല: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 09:27 am
Tuesday, 29th April 2025, 2:57 pm

 

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

 

ഇപ്പോള്‍ എക്‌സ്പ്രഷന്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് നെടുമുടി വേണുവെന്ന് പറയുകയാണ് ഉര്‍വശി. എക്‌സ്പ്രഷനിലൂടെ കാണികളെ വിസ്മയിപ്പിക്കുന്ന ഒരുപാട് അഭിനേതാക്കളുണ്ടെന്നും എന്നാലും താന്‍ നെടുമുടി വേണുവിന്റെ പേര് പറയുമെന്നും ഉര്‍വശി പറയുന്നു. വളരെ സൂക്ഷ്മമായ എക്‌സ്പ്രഷനിലൂടെ സംസാരിക്കാനും ആളുകളെ രസിപ്പിക്കാനും കഴിയുന്ന നടനാണ് അദ്ദേഹമെന്നും ചിത്രം എന്ന സിനിമയിലെ ഒരു സീന്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമകളില്‍ നെടുമുടി വേണുവിന് പകരം മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും ഉര്‍വശി പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. എന്നാലും നെടുമുടി വേണു ചേട്ടന്‍. ചില മൈന്യൂട്ട് ആയിട്ടുള്ള എക്‌സ്പ്രഷനൊക്കെ വേണുവേട്ടന്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഇനി ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന് നമുക്ക് തോന്നും. ചിത്രം എന്ന സിനിമ നെടുമുടി വേണു ഇല്ലാതെ ചിന്തിക്കാന്‍ പോലും കഴിയില്ല. ഹീറോയുടെ ക്യാരക്ടര്‍ പോയിട്ട് ‘എന്നാല്‍ ബാക്കിയുള്ള ആ 500 രൂപ തന്നേക്കാം എന്ന് പറയുമ്പോള്‍ ‘ഞാന്‍ പറഞ്ഞോ’എന്ന് പറഞ്ഞിട്ടുള്ള ഉള്ള അദ്ദേഹത്തിന്റെ എക്‌സ്പ്രഷന്‍ ഉണ്ട്, വെറുമൊരു ചെറിയ എക്‌സ്പ്രഷനാണ്.

നെടുമുടി ഇല്ലെങ്കില്‍ എന്താകും ഈ സിനിമ എന്ന് നമുക്ക് തോന്നി പോകും. അത്രയും മൈന്യൂട്ട് എക്‌സ്പ്രഷനിലൂടെ സംസാരിക്കാന്‍ അദ്ദേഹത്തിന് പറ്റും. നെടുമുടി വേണുവിന് പകരമായിട്ട് ഒരാളെ ചിന്തിക്കാന്‍ പറ്റില്ല. ആ സിനിമകള്‍ മറ്റ് ഭാഷകളില്‍ വരുമ്പോള്‍ നമ്മള്‍ നിരാശപ്പെടുന്നത് വേണുവേട്ടന് പകരം ആരായിരിക്കും അത് ചെയ്യുന്നത് എന്നതാണ്,’ ഉര്‍വശി പറയുന്നു.

കാവാലം നാരായണപണിക്കരുടെ നാടകക്കളരിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നെടുമുടി വേണു നാലരപ്പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാജീവത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ പകര്‍ന്നാടി. മലയാളത്തിന് പുറമെ തമിഴ്, സംസ്‌കൃത സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് നെടുമുടി വേണു. ഒരു തവണ ദേശീയ അവാര്‍ഡും ഏഴ് തവണ സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlight: Urvashi talks about Nedumudi venu.