2025 IPL
അസാധാരണമായ എന്തോ അവനില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി; വൈഭവിനെക്കുറിച്ച് വിക്രം റാത്തോര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 10:43 am
Tuesday, 29th April 2025, 4:13 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 209 റണ്‍സായിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ട്ത്തില്‍ 212 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്റെ വൈഭവ് സൂര്യവംശിയെന്ന 14കാരന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഗുജറാത്തിനെ വെട്ടിക്കൂട്ടി വമ്പന്‍ സെഞ്ച്വറി നേട്ടത്തോടെ ടി-20 ക്രിക്കറ്റിന്റെ തന്നെ ചരിത്രം തിരുത്തിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്ത് തന്റെ വരവറിയിച്ചത്.

38 പന്തില്‍ നിന്ന് 11 സിക്‌സറും ഏഴ് ഫോറും അടക്കം 265.79 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് സെഞ്ച്വറി. നേരിട്ട 35ാം പന്തില്‍ സെഞ്ച്വറി നേടിയാണ് താരം അമ്പരപ്പിച്ചത്. ഇതോടെ വമ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനും യുവ താരത്തിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ഒരു പ്രായം കുറഞ്ഞ താരം നേടുന്ന വേഗതയേറിയ സെഞ്ച്വറി, ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി തുടങ്ങിയ ഒട്ടനവധി നേട്ടങ്ങളാണ് വൈഭവ് വാരിക്കൂട്ടിയത്. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.

ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍.

‘അവന്‍ ഒരു പ്രത്യേക കഴിവുള്ളവനാണ്. സാങ്കേതികമായി പറഞ്ഞാല്‍, അവന് മികച്ച ഒരു ഡൗണ്‍സ്വിങ്ങുണ്ട്, അതിനാല്‍ മികച്ച ശക്തി സൃഷ്ടിക്കാന്‍ അവന് സാധിക്കുന്നു. ഇന്ന്, അവന്‍ അമ്പരപ്പിച്ചു. സത്യം പറഞ്ഞാല്‍, ആ ഇന്നിങ്‌സിനെക്കുറിച്ച് നിങ്ങള്‍ക്ക് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കാം. ഒരു 14 വയസുള്ള കുട്ടിക്ക് ഇങ്ങനെ കളിക്കാന്‍ കഴിയുന്നത്, അത് അത്ഭുതമാണ്.

നാല് മാസം മുമ്പ് ട്രയല്‍സിനിടയിലാണ് ഞങ്ങള്‍ അവനെ ആദ്യമായി കാണുന്നത്, ആ നിമിഷം മുതല്‍, അസാധാരണമായ എന്തോ അവനില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവനെ വളര്‍ത്തുകയും ഈ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടത് ഞങ്ങളാണ്. വൈഭവിന് നന്ദി – അവന്‍ സ്വന്തം ആത്മവിശ്വാസം നിലനിര്‍ത്തി, മികച്ച ക്രിക്കറ്റ് കളിച്ചു, ഇന്ന് അസാധാരണമായ ഒരു ഇന്നിങ്‌സ് കളിച്ചു,’ വിക്രം റാത്തോര്‍ പറഞ്ഞു.

മിന്നും പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ പ്രായം കുറഞ്ഞ അര്‍ധ സെഞ്ച്വറിയുടെയും സെഞ്ച്വറിയുടെയും റെക്കോഡിനൊപ്പം ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി.

Content Highlight: IPL 2025: Vikram Rathore Praises Vaibhav Suryavanshi