Kerala News
ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയല്ല ഹെഡ്‌ഗേവാര്‍, രാജ്യത്തിന്റെ മഹാനായ പുത്രന്‍: ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 09:29 am
Tuesday, 29th April 2025, 2:59 pm

പാലക്കാട്: പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പി തീരുമാനിച്ചതിനനുസരിച്ച് നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേരിടുമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഹെഡ്‌ഗേവാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയല്ലെന്നും രാജ്യത്തിന്റെ മഹാനായ പുത്രനാണ് അദ്ദേഹമെന്നും എന്‍.ശിവരാജന്‍ പറഞ്ഞു.

പാലക്കാട് നഗരസഭയില്‍ നടന്ന പ്രതിഷേധത്തെക്കാള്‍ വലിയ സമരങ്ങള്‍ കണ്ട് വളര്‍ന്നവരാണ് തങ്ങളെന്നും അടിയന്തരാവസ്ഥയില്‍ പോലും അതിജീവിച്ചവരാണെന്നും ശിവരാജന്‍ പറഞ്ഞു.

ഊളം പാറകളായ ഇത്തരം നേതാക്കളുടെ സമരം കണ്ട് പേടിക്കില്ലെന്നും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേരിടുമെന്നും രാഷ്ട്രപതിക്ക് പോലും നിശ്ചയിച്ച പേര് മാറ്റാന്‍ സാധിക്കില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നും പ്രഖ്യാപിച്ച പേര് മാറ്റില്ലെന്നും ശിവരാജന്‍ പറഞ്ഞു. പേര് മാറ്റാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓലപാമ്പ് കണ്ടാല്‍ പേടിക്കില്ലെന്നും പേരിടാന്‍ ആരുടെയും പെര്‍മിഷന്‍ വേണ്ടെന്നും എന്‍. ശിവരാജന്‍ പറഞ്ഞു.

ഇന്ന് രാവില മുതല്‍ പാലക്കാട് നഗരസഭ ഹാളില്‍ നൈപുണ്യ വികസകേന്ദ്രത്തിന് ഹെഡ്ഗാവാറിന്റെ പേരിടുന്നതില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി- കോണ്‍ഗ്രസ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെയായിരുന്നു എന്‍.ശിവരാജന്റെ പരാമര്‍ശം.

Content Highlight: Unlike Jawaharlal Nehru, Hedgewar is a great son of the country: BJP leader