Advertisement
Kerala News
പിണറായി വിജയൻ ഇസ്രഈലിനെ എതിർക്കും പക്ഷെ വെള്ളാപ്പള്ളിയെ എതിർക്കില്ല, കാരണം വോട്ട് നഷ്ടപ്പെടും: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 07:20 am
Wednesday, 9th April 2025, 12:50 pm

കോഴിക്കോട്: സി.പി.ഐ.എം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയൻ ദൽഹിയിൽ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ പരാമർശമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ ഇസ്രഈലിനെ എതിർക്കുമെന്നും എന്നാൽ വെള്ളാപ്പള്ളിയെ എതിർക്കില്ലെന്നും മുസ്‌ലിങ്ങളെ തെറി പറയുന്നവരോട് സി.പി.ഐ.എമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി പറഞ്ഞു.

‘സഖാവ് പിണറായി വിജയൻ ഇസ്രഈലിനെ എതിർക്കും കാരണമെന്താണ്? കേരളത്തിൽ ഒരൊറ്റ ജൂതനും വോട്ട് ചെയ്യാനില്ല. പക്ഷെ പിണറായി വിജയൻ വെള്ളാപ്പള്ളിയെ എതിർക്കില്ല. കാരണം വോട്ട് നഷ്ടമാകും. പി.സി. ജോർജിനെ എതിർക്കില്ല കാരണമെന്താണ് ? ഇവിടെ വോട്ട് നഷ്ടമാകും. ഒരു ചെലവുമില്ലാത്ത സദ്ദാം ഹുസൈന് പിന്തുണ കൊടുക്കും. ഇവിടുത്ത മുസ്‌ലിങ്ങളുടെ അടിസ്ഥാനപരമായ എന്തെങ്കിലും വിഷയം വന്നാലോ സംവരണത്തിന്റെ പ്രശ്നം വന്നാലോ അത് കേൾക്കില്ല. നിങ്ങൾ ഒരു മുടക്കും ഇല്ലാത്ത വൈകാരികതയെ അഡ്രസ് ചെയ്യാൻ തയാറാണ്.

എന്റെ സഖാക്കളേ നിങ്ങൾ നെഞ്ചത്ത് കൈ വെച്ച് ആലോചിക്കൂ. ഞങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങൾ വഴി വെട്ടുകയാണ്, ആർക്ക് സംഘപരിവാറിന്, ബി.ജെ.പിക്ക്, ഏത് പോലെ, ലവ് ജിഹാദ് പോലെ. നിങ്ങൾ മലപ്പുറത്ത് സുജിത് എന്നൊരു പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടുവന്നു. ഇപ്പോൾ ഡി.ജി.പി ആക്കാൻ ശ്രമിക്കുന്ന അജിത്തിനെ ഉപയോഗിച്ച് മലപ്പുറം ജില്ലയിൽ നിങ്ങൾ കള്ളക്കണക്കുകൾ ഉണ്ടാക്കി. ഇത് ഉപയോഗിച്ച് പിണറായി വിജയൻ ഹിന്ദു പത്രത്തിന് ഒരു അഭിമുഖം നൽകിയപ്പോൾ ഞങ്ങൾ പറഞ്ഞു ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

സഖാവ് പിണറായി വിജയാ നിങ്ങൾ ദൽഹിയിൽ പോയി പറഞ്ഞതിന്റെ കുറേക്കൂടെ ഒരു വെള്ളാപ്പള്ളി വേർഷനാണ് വെള്ളാപ്പള്ളി മലപ്പുറത്ത് വന്ന് പറഞ്ഞത്. നിങ്ങൾ വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്. എ. വിജയരാഘവൻ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ഭാഷ്യമാണ് വെള്ളാപ്പള്ളി പറയുന്നത്,’ അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതിരുന്ന സി.പി.ഐ.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കെ.എം ഷാജി വിമർശിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ സി.പി.ഐ.എമ്മിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിസാരമായെടുക്കുമോ എന്ന് കെ.എം. ഷാജി ചോദിച്ചു.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. എസ്.എൻ.ഡി.പി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍. എന്നാല്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.

 

 

Content Highlight: Pinarayi Vijayan will oppose Israel but not Vellappally, because he will lose votes: K.M. Shaji