ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കുന്നത് അടക്കമുള്ള കൃത്യമായ നിയമ നടപടികള്‍ക്കു ശേഷം മാത്രമേ രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുന്നതുമായി മുന്നോട്ടുപോകൂവെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്നാല്‍ എന്‍.പി.ആറിനു വേണ്ടി ശേഖരിച്ച വിവരങ്ങള്‍ എന്‍.ആര്‍.സിക്കു വേണ്ടി ഉപയോഗിക്കുവോ ഉപയോഗിക്കാതിരിക്കുവോ ചെയ്യുമെന്നും ‘ദ സണ്‍ഡേ എക്‌സ്പ്രസു’മായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘നിലവില്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ഒരു നിലപാടെടുത്തിട്ടുണ്ട്. അതിലൊരു നിയമ പ്രക്രിയയുണ്ട്. ആദ്യം ഒരു തീരുമാനം, പിന്നീട് ഒരു വിജ്ഞാപനം, പിന്നെ പ്രക്രിയ, വേരിഫിക്കേഷന്‍, എതിര്‍പ്പുകള്‍, അതു കേള്‍ക്കല്‍, അപ്പീലിനു പോകാനുള്ള അവകാശം. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കും. അവരുടെ അഭിപ്രായം സ്വീകരിക്കും.
എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലും അതു പരസ്യമായി ചെയ്യും. എന്‍.ആര്‍.സിയില്‍ ഒരു രഹസ്യവുമില്ല. 2003-ലെ പൗരത്വ നിയമങ്ങളിലുള്ള മൂന്നും നാലും ചട്ടം ഉപയോഗിച്ചുള്ള പ്രക്രിയകള്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങളെ തീര്‍ച്ചയായും അറിയിച്ചിരിക്കും. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെത്തുടര്‍ന്നാണ്,’ അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് എന്‍.പി.ആര്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതു ക്ഷേമ പദ്ധതികള്‍ക്കായുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.