Kerala News
കഞ്ചാവ് കേസ്; യു. പ്രതിഭ എം.എൽ.എയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 08:10 am
Wednesday, 30th April 2025, 1:40 pm

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസിന്റെ ഇടക്കാല റിപ്പോർട്ട്. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നു മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്.

ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറി നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സാക്ഷികൾ മൊഴി നൽകിയത്. കേസ് അന്വേഷിച്ച കുട്ടനാട് സി.ഐക്ക് ഗുരുതര വീഴ്ചയുണ്ടായി. ആലപ്പുഴ നാർക്കോട്ടിക് സെൽ സി.ഐ മഹേഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.

ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു. പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്.ഐ.ആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സി.പി.എം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു. പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എം.എൽ.എ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിഭയുടെ മകനടക്കം ഏഴ് പേർക്കെതിരെ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

Content Highlight: Cannabis case; Excise exempts U. Pratibha MLA’s son from case