നാഗ്പൂര്‍: മഹാരാഷ്ട്രയിലെ കാംപ്റ്റിയില്‍ കശ്മീരില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചതായി റിപ്പോര്‍ട്ട്. കശ്മീരിലെ ഡോഡ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് വസീം എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജമ്മു സ്വദേശിയാണെന്ന് പറഞ്ഞതോടെയാണ് ആക്രമിക്കപ്പെട്ടതെന്ന് വസീം പറയുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമില്ലെന്നും അക്രമികള്‍ മദ്യപിച്ചിരുന്നുവെന്നും വസീം പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് മുഹമ്മദ് വസീമും ജമ്മുവില്‍ നിന്നുള്ള പിയൂഷ് ലാന്‍ജെയും ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വസീമിനോട് കുടുംബപശ്ചാത്തലം അടക്കമുള്ള വിവരങ്ങള്‍ തിരക്കുകയും ഉത്തരം പറയാന്‍ വൈകിയതോടെ ആക്രമിക്കുകയുമായിരുന്നു.
പിന്നാലെ തങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് ലാന്‍ജെ വ്യക്തമാക്കിയതോടെ പ്രതികള്‍ പിന്മാറുകയുമായിരുന്നു.
‘വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ കാംപ്റ്റി മാര്‍ക്കറ്റിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ ഒരു ചെറിയ ജനവാസ കേന്ദ്രത്തിലെ കുറുക്കുവഴിയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ഇതിനിടെ അവരില്‍ ഒരാള്‍ മൂത്രമൊഴിക്കാന്‍ ഒരിടത്ത് നിന്നു. പിന്നാലെ ഇവരും ഏതാനും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു,’ കാംപ്റ്റി പൊലീസ് സ്റ്റേഷന്‍ സി.ഐ മഹേഷ് അണ്ഡാലെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംഭവത്തില്‍ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ നേതാവായ നാസിര്‍ ഖുഹാമി നടപടിയെടുക്കണമെന്ന് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഖുഹാമി ആവശ്യപ്പെടുകയായിരുന്നു.
‘വിദ്യാര്‍ത്ഥിയെ ഒരു കാരണവുമില്ലാതെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. മുഖം, കഴുത്ത്, പുറം, കൈകള്‍ എന്നീ ഭാഗങ്ങളില്‍ അടിക്കുകയും ചെയ്തു. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഇത്തരത്തിലുള്ള ഭീകരത ഉടന്‍ അവസാനിപ്പിക്കണം,’ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഖുഹാമിയുടെ പ്രതികരണം.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മനോജ് കുമാര്‍ ശര്‍മ തന്നെ ബന്ധപ്പെടുകയും ഉടനടി നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ഖുഹാമി അറിയിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും സംഭവ സ്ഥലം സന്ദര്‍ശിക്കാനും ഇര തടസം നിക്കുന്നതായി മഹേഷ് അണ്ഡാലെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Kashmiri student attacked in Nagpur; Police fail to register FIR