Sports News
മെസിയാണ് ചരിത്രത്തിലെ മികച്ച ഫുട്‌ബോളര്‍, എന്നെ അദ്ദേഹവുമായി താരതമ്യപ്പെടുത്തരുത്: ബാഴ്‌സലോണ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 30, 09:16 am
Wednesday, 30th April 2025, 2:46 pm

പ്രകടനങ്ങള്‍ കൊണ്ട് വലിയ ആരാധക ശ്രദ്ധ നേടിയ താരമാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവ താരം ലാമിന്‍ യമാല്‍. 17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും ലാലിഗയിലുമടക്കം താരം ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കളി ശൈലി കൊണ്ടും കളിക്കളത്തിലെ മാസ്മരിക പ്രകടനം കൊണ്ടും പലപ്പോഴും യമാലിനെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി താരതമ്യപ്പെടുത്താറുണ്ട്.

ഇപ്പോള്‍ തന്നെ സൂപ്പര്‍ താരവുമായി താരതമ്യപ്പെടുത്തുന്നതില്‍ പ്രതികരിക്കുകയാണ് ലാമിന്‍. താന്‍ തന്നെ ആരുമായി താരതമ്യം ചെയ്യാറില്ലെന്നും മെസിയുമായും അങ്ങനെ തന്നെയാണെന്നും യമാല്‍ പറഞ്ഞു.

ദിവസവും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും അപ്പോള്‍ മെസിയുമായുള്ള ഈ താരതമ്യം അര്‍ത്ഥവത്താണെന്ന് താന്‍ കരുതുന്നില്ലെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാമിന്‍ യമാല്‍.

 

‘ഞാന്‍ എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യാറില്ല, കാരണം ഞാന്‍ എന്നെ ആരുമായും താരതമ്യം ചെയ്യാറില്ല, മെസിയുമായി പോലും. ഞങ്ങള്‍ എല്ലാ ദിവസവും സ്വയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അടുത്ത ദിവസം മികച്ചവരാകുന്നതിനെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. അപ്പോള്‍ മെസിയുമായുള്ള ഈ താരതമ്യം അര്‍ത്ഥവത്താണെന്ന് ഞാന്‍ കരുതുന്നില്ല,’ യമാല്‍ പറഞ്ഞു.

മെസി ചരിത്രത്തിലെ മികച്ച കളിക്കാരനാണെന്നും താന്‍ താരത്തിന്റെ ആരാധകനാണെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്നെത്തന്നെ ആസ്വദിക്കുകയും ഞാനായി തന്നെയിരിക്കാന്‍ ശ്രമിക്കുകയുമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ തീര്‍ച്ചയായും ആരാധിക്കുന്നു. പക്ഷേ ഞാന്‍ എന്നെത്തന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യില്ല,’ യമാല്‍ പറഞ്ഞു.

മെസി ലാലിഗയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസായിരുന്നു. എന്നാല്‍ ഈ പ്രായത്തില്‍ യമാല്‍ ക്ലബ്ബിന്റെയും സ്‌പെയിനിന്റെയും പ്രധാന താരമായി വളര്‍ന്നിട്ടുണ്ട്.

ബാര്‍സലോണക്കായി ഈ സീസണില്‍ മിന്നും പ്രകടനമാണ് യമാല്‍ കാഴ്ച വെക്കുന്നത്. 48 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

അതേസമയം, മെസി തന്റെ കരിയറില്‍ ബാഴ്‌സക്കായി 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളും 269 അസിസ്റ്റുകളും അര്‍ജന്റൈന്‍ ഇതിഹാസം കറ്റാലന്‍മാര്‍ക്കായി നേടിയിട്ടുണ്ട്.

നിലവില്‍ മെസി അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയുടെ താരമാണ്. 2023 തൊട്ട് എം.എല്‍.എസിന്റെ ഭാഗമായ മെസി 25 ഗോളുകളും 15 അസിസ്റ്റുകളും ഇന്റര്‍ മയാമിക്കായി നേടിയിട്ടുണ്ട്.

Content Highlight: Barcelona youngster Lamine Yamal says Lionel Messi is the best player in the history and reject comparing him to the legend