Kerala News
പോത്തന്‍കോട് സുധീഷ് വധക്കേസ്; 11 പ്രതികള്‍ക്കും ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 08:08 am
Wednesday, 30th April 2025, 1:38 pm

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. നെടുമങ്ങാട് പട്ടികജാതി/പട്ടികവര്‍ഗ പ്രത്യേക കോടതിയുടേതാണ് ശിക്ഷാവിധി.

സുധീഷ് ഉണ്ണി, ശ്യാം, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സജിന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഒട്ടകം രാജേഷ് രണ്ട് കൊലക്കേസുകളില്‍ അടക്കം 18 കേസുകളിലെ പ്രതിയാണ്.

പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച കോടതി, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പറഞ്ഞു. കേസിലെ ഒന്നാം പ്രതി സുധീഷ്, മൂന്നാം പ്രതി ഒട്ടകം രാജേഷ് എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഇന്നലെ (ചൊവ്വ) കേസിലെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021ലാണ് വിധിക്കാസ്പദമായ സംഭവം നടന്നത്.

ഗുണ്ടാസംഘം മംഗലപുരം സ്വദേശിയായ സുധീഷിനെ കൊലപ്പെടുത്തിയ ശേഷം കാല്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

സംഭവം നടക്കുന്നതിന് രണ്ട് മാസം മുമ്പ് ഒന്നാം പ്രതി സുധീഷ് ഉണ്ണിയുമായി സുധീഷ് അടിയുണ്ടാക്കിയിരുന്നു. ഇതിന് പകരം വീട്ടാനാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content Highlight: Pothencode Sudheesh murder case; All 11 accused get life imprisonment