ന്യൂദല്‍ഹി: പഹല്‍ഗാമിന് പ്രതികാരമെന്ന് പ്രഖ്യാപിച്ച് ആഗ്രയില്‍ ബിരിയാണി കടയുടമയെ കൊലപ്പെടുത്തിയ കേസില്‍ കൗ രക്ഷ ദള്‍ പ്രവര്‍ത്തകനുള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുന്നത്. പ്രതികളായ പ്രിയാന്‍ഷ് യാദവ് (21), ശിവം ഭാഗേല്‍ (20), മനോജ് ചൗധരി (25) എന്നിവരാണ് അറസ്റ്റിലായത്. നാലാമത്തെ പ്രതിയായ പുഷ്പേന്ദ്ര ഭഗേല്‍ ഇപ്പോഴും ഒളിവിലാണ്.
മൂന്നു പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും വ്യക്തിപരമായ വിദ്വേഷത്തിന്റെ ഫലമായാണ് കൊലപാതകം നടന്നതെന്നും ആഗ്ര പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഗുല്‍ഫാമും പ്രതികളായ യുവാക്കളും തമ്മില്‍ പണമടയ്ക്കല്‍ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഏപ്രില്‍ 23 ന് രാത്രി ആഗ്രയിലെ ബിരിയാണി കടയില്‍ വെച്ച് ഗുല്‍ഫാമിനെയും സഹോദരന്‍ സെയ്ഫ് അലിയെയും പ്രതികള്‍ വെടിവെക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ അലി രക്ഷപ്പെട്ടെങ്കിലും സഹോദരന്‍ ഗുല്‍ഫാം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പ്രതികാര നടപടിയായായിരുന്നു കൊലപാതകം നടന്നത്. പഹല്‍ഗാം ആക്രമണം പോലുള്ള സംഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ഭീഷണി വീഡിയോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.
’26 പേരെ കൊന്നതിന് പ്രതികാരമായി 2600 പേരെ കൊല്ലേണ്ടി വരും. അല്ലെങ്കില്‍ ഞങ്ങള്‍ ഭാരതമാതാവിന്റെ മക്കളല്ല’ എന്ന സന്ദേശം ഉള്‍പ്പെടുത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികള്‍ പോസ്റ്റ് ചെയ്തത്. യാദവും ഭാഗേലുമാണ് ആക്രമണം നടത്തിയതെന്നും വെടിവയ്ക്കുന്നതിന്റെ വീഡിയോ മനോജ് ചൗധരിയാണ് സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍പത്രസമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്പ്പെട്ട മനോജ് ചൗധരി സ്വയം പ്രഖ്യാപിത ഗോരക്ഷകനും ‘കൗ രക്ഷാ ദള്‍’ എന്ന സംഘടനയുടെ പ്രവര്‍ത്തകനുമാണ്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ പൊലീസ് ഒരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
content highlights: Three persons, including a ‘Kau Raksha Dal’ activist, have been arrested in the case of the murder of a hotel owner in Agra in retaliation for Pahalgam.