ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ വിജയിച്ച് ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. മുന്‍ ചാമ്പ്യന്‍മാരായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് ഫൈനലില്‍ കയറിയത്.
മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടത് രാജസ്ഥാന്‍ കാപ്റ്റന്‍ സഞ്ജു സാംസണിന്റെ പ്രകടനം തന്നെയാണ്. 26 പന്തില്‍ നിന്നും സഞ്ജു നേടിയ 47 റണ്‍സാണ് ആടിയുലഞ്ഞ രാജസ്ഥാന്‍ ഇന്നിംഗ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.
180.77 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബൗളര്‍മാരെ തല്ലിച്ചതച്ചത്. അര്‍ധ സെഞ്ച്വറി നേടാനായില്ലെങ്കിലും താരത്തിന്റെ ഇംപാക്ട് തന്നെയായിരുന്നു രാജസ്ഥാന് തുണയായത്.
തന്റെ വ്യക്തിഗത നേട്ടത്തിനായി സഞ്ജു ഒരിക്കലും ക്രീസിലെത്തിയിട്ടില്ലായിരുന്നു. താന്‍ എന്ത് ചെയ്യുമ്പോഴും അത് തന്നെക്കാള്‍ ടീമിന് ഗുണം ചെയ്യണം എന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു സഞ്ജു, അത് ഈ സീസണില്‍ പലതവണ കണ്ടതുമാണ്. അക്ഷരാര്‍ത്ഥത്തില്‍ സഞ്ജു ഒരു ടീം മാനാണ്.
സെല്‍ഫിഷ് ഇന്നിംഗ്‌സുകള്‍ കളിച്ച് തന്റെ പേരിന് നേരെ സ്‌കോര്‍ എഴുതിച്ചേര്‍ക്കുന്നതിന് പകരം ടീം ടോട്ടലിലേക്കാണ് സഞ്ജു നിരന്തരം സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്നത്.
സഞ്ജുവിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്ന പഴയ ഒരു അഭിമുഖവും അതില്‍ സഞ്ജു പറഞ്ഞ കാര്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗാവുന്നത്.
താനിവിടെ ഒരുപാട് റണ്‍സുകള്‍ അടിച്ചെടുക്കാനല്ല വന്നിട്ടുള്ളതെന്നും കുറച്ച് റണ്‍സാണെങ്കിലും ടീമിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ നേടാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറയുന്ന അഭിമുഖമാണ് തരംഗമാവുന്നത്.
Sanju Samson everyday: pic.twitter.com/6v9j0cUsP3
— Johns. (@CricCrazyJohns) May 24, 2022
ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ഫൈനല്‍ കളിക്കാന്‍ ഒരവസരം കൂടി ലഭിക്കും. അദ്യ എലമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്ന ടീമിനെ തോല്‍പിച്ചാല്‍ രാജസ്ഥാന് ഫൈനലിലെത്താം.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് ആദ്യ എലിമിനേറ്ററില്‍ ഏറ്റുമുട്ടുന്നത്.
Content Highlight: Viral interview of Sanju Samson about his playing style