IPL
ക്യാപ്റ്റന്‍സി ഭാരമൊഴിഞ്ഞതാണ് ഈ താരത്തിന്റെ ഫോമിന് കാരണം; തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റര്‍ നിക് നൈറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 10:57 am
Wednesday, 23rd April 2025, 4:27 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി നേടിയത്.

മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ ദല്‍ഹി മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ ജയന്റസിനെതിരെ സീസണില്‍ ഡബിള്‍ പൂര്‍ത്തിയാക്കാനും അക്സറിനും കൂട്ടര്‍ക്കും സാധിച്ചു.

ദല്‍ഹിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് പോരലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലുമാണ്. അഭിഷേക് 36 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് പുറത്തായത്. അതേസമയം രാഹുല്‍ 42 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും അടിച്ച് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിന് ശേഷം കെ.എല്‍. രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ നിക്ക് നൈറ്റ്. ക്യാപ്റ്റന്‍സിക്ക് നിങ്ങളില്‍ രസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ചിലപ്പോള്‍ അത് ഒരു ഭാരമാണെന്നും നിക്ക് പറഞ്ഞു.

ക്യാപ്റ്റന്‍സി ചുമതലകള്‍ ഇല്ലാത്തതിനാല്‍ രാഹുല്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യുന്നുവെന്നും ക്രീസില്‍ റിലാക്‌സ്ഡായി കാണപ്പെടുന്നുവെന്നും മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ ടൈം ഔട്ട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിക് നൈറ്റ്.

‘ക്യാപ്റ്റന്‍സിക്ക് നിങ്ങളില്‍ രസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ചിലപ്പോള്‍ നിങ്ങള്‍ക്ക് അതില്‍ മുന്നേറാന്‍ കഴിയും. മറ്റുചിലപ്പോള്‍ അത് ഒരു ഭാരമാണ്. ക്രിക്കറ്റില്‍ നമുക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഏറ്റവും മികച്ച കളിക്കാരനെ ക്യാപ്റ്റനാകണമെന്നതാണ്.

എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല, അല്ലേ? കെ.എല്‍. രാഹുലിന്റെയോ ഋഷഭ് പന്തിന്റെയോ കാര്യത്തില്‍ അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ രാഹുല്‍ വളരെ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യുന്നു. അവനെ ക്രീസില്‍ റിലാക്‌സ്ഡായി കാണപ്പെടുന്നു,’

ദല്‍ഹി ക്യാപിറ്റല്‍സിനായി ഈ സീസണില്‍ മികച്ച പ്രകടനമാണ് കെ.എല്‍. രാഹുല്‍ പുറത്തെടുക്കുന്നത്. താരം ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 323 റണ്‍സ് നേടിയിട്ടുണ്ട്. ദല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 64.60 ആവറേജിലും 153.80 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ ബാറ്റേന്തുന്നത്.

കഴിഞ്ഞ സീസണില്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരവും ടീം ക്യാപ്റ്റനായുമായിരുന്നു. 2024ല്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 520 റണ്‍സാണ് താരം നേടിയിരുന്നത്. ഈ സീസണിന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിലൂടെയാണ് ഇന്ത്യന്‍ താരം ക്യാപിറ്റല്‍സിലെത്തുന്നത്. ടീം ക്യാപ്റ്റന്‍സി ഓഫര്‍ നല്‍കിയിരുന്നെങ്കിലും താരം നിരസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: IPL 2025: DC vs LSG: Former England cricketer Nick Knight talks about Delhi Capitals wicket keeper batter KL Rahul