അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.
ഇപ്പോള്‍ ശശികുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. സിമ്രാനാണ് ഈ സിനിമയില്‍ നായികയായി എത്തുന്നത്. സിമ്രാനോടൊപ്പം ശശികുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി.
ഇപ്പോള്‍ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ സിമ്രാനെ കുറിച്ച് സംസാരിക്കുകയാണ് ശശികുമാര്‍. സിമ്രാനുമായുള്ള കോമ്പിനേഷന്‍ ആദ്യ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘സിമ്രാനുമായി ആദ്യമായി ഒന്നിച്ച് അഭിനയിച്ച ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആദ്യ ദിവസം ഒരു സീനില്‍ സിമ്രാന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അവരെ തന്നെ നോക്കി നിന്നു. ഞാന്‍ അവരുടെ അഭിനയം കണ്ട് ആസ്വദിച്ച് നില്‍ക്കുകയായിരുന്നു.
പക്ഷെ അത് സിമ്രാന്‍ കണ്ടുപിടിച്ചു. ഞാന്‍ അഭിനയിക്കുന്നതും നോക്കി നില്‍ക്കുകയാണോ എന്നായിരുന്നു എന്നോട് ചോദിച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ഇത്രനാള്‍ ഞാന്‍ നിങ്ങളുടെ അഭിനയം തിയേറ്ററില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
ആദ്യമായി എന്റെ മുന്നില്‍ നിന്ന് അഭിനയിക്കുകയല്ലേ’ എന്നായിരുന്നു. എന്തായാലും കറക്ടായി തന്നെ സിമ്രാന്‍ അത് കണ്ടുപിടിച്ചു (ചിരി). ആ സീന്‍ ഞങ്ങള്‍ സത്യത്തില്‍ ട്രെയ്‌ലര്‍ ഷോട്ടിന് വേണ്ടി എടുത്തതായിരുന്നു.
പിന്നീട് അവരുടെ കൂടെ അഭിനയിക്കുന്നത് എനിക്ക് എളുപ്പമായി തോന്നി. സിമ്രാന്‍ മികച്ച ഒരു പെര്‍ഫോമറാണ്. സീരിയസും കോമഡിയുമൊക്കെ ഒരുപോലെ വരുന്ന ആളാണ്,’ ശശികുമാര്‍ പറയുന്നു.
Content Highlight: M Sasikumar Talks About Simran