IPL
ഈ മുത്തിനെ സ്വന്തമാക്കിയതിന് ദ്രാവിഡിനോട് നന്ദി പറയാം! 94ല്‍ നില്‍ക്കെ 35ാം പന്തില്‍ സിക്‌സറടിച്ച് സെഞ്ച്വറി, ഗെയ്‌ലിന് ശേഷം രാജസ്ഥാന്റെ സൂര്യതിലകം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 05:23 pm
Monday, 28th April 2025, 10:53 pm

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു മുഹൂര്‍ത്തം ഇനിയുണ്ടാകുമോ! ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയേണ്ടി വരും. വൈഭവ് സൂര്യവംശിയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ ഓരോ നിമിഷവും ചരിത്രം തിരുത്തിയെഴുതുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.

പവര്‍പ്ലേയില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് വൈഭവ് സൂര്യവംശിയും യശസ്വി ജെയ്‌സ്വാളും സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തീമഴ പെയ്യിച്ചത്. പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി സൂര്യവംശി ടൈറ്റന്‍സിനെ കടന്നാക്രമിച്ചു. നേരിട്ട 17ാം പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം ഫിഫ്റ്റിയടിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധ സെഞ്ചൂറിയനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അധികം വൈകാതെ ഐ.പി.എല്‍ ചരിത്രത്തിലെ എന്നല്ല, ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡും താരം സ്വന്തമാക്കി.

17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 35ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അതും വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ സിക്‌സറിന് പറത്തിക്കൊണ്ട്!

ടി-20 ചരിത്രത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – 14 വയസും 32 ദിവസവും*

വിജയ് സോള്‍ – മഹാരാഷ്ട്ര – 18 വയസും 118 ദിവസവും

പര്‍വേസ് ഹൊസൈന്‍ എമോണ്‍ – ഫോര്‍ച്യൂണ്‍ ബാരിഷല്‍ – 18 വയസും 179 ദിവസവും

*നിലവില്‍ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍

ഇതിനൊപ്പം ഐ.പി..എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത് സെഞ്ച്വറിയുടെ റെക്കോഡും താരം സ്വന്തമാക്കി. യൂസുഫ് പത്താന്റെ റെക്കോഡ് തകര്‍ത്താണ് സൂര്യവംശി ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 30 – 2013

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 35 – 2025*

യൂസുഫ് പത്താന്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 37 – 2010

ഡേവിഡ് മില്ലര്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 38 – 2013

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 39 – 2024

പ്രിയാന്‍ഷ് ആര്യ – പഞ്ചാബ് കിങ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 39 – 2025

സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ സൂര്യവംശിയുടെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. 11 സിക്‌സറും ഏഴ് ഫോറും അടക്കം 265.79 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

 

Content Highlight: IPL 20258: RR vs GT: Vaibhav Suryavanshi becomed the youngest player to score T20 century