പാരിസ്: തെക്കന്‍ ഫ്രാന്‍സിലെ ലാ ഗ്രാന്‍ഡ് കോംബിലെ പള്ളിയില്‍ വെച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പൊലീസിന് മുമ്പാകെ കീഴടങ്ങി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിന്നാലെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.
ഒരു വിശദീകരണവും നല്‍കാതെ പ്രതി ഇറ്റലിയില്‍ പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രതി ഫ്രാന്‍സില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെന്നും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ലെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കന്‍ ഫ്രാന്‍സിലെ പള്ളിയില്‍ വെച്ച് മാലി സ്വദേശിയായ യുവാവ് കുത്തേറ്റ് മരിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് യുവാവും പ്രതിയുമടക്കം രണ്ട് പേര്‍ മാത്രമാണ് പള്ളിയില്‍ ഉണ്ടായിരുന്നതെന്ന് പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കൂടാതെ യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതി തന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. മാത്രമല്ല യുവാവിനെ കുത്തി പരിക്കേല്‍പ്പിക്കുന്ന സമയത്ത് അല്ലാഹുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രതി ആക്രോശിച്ചിരുന്നതായി പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുവാവിന്റെ മരണത്തില്‍ പ്രതികരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, വംശീയതയ്ക്കും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷത്തിനും ഫ്രാന്‍സില്‍ ഒരിക്കലും സ്ഥാനമുണ്ടാകില്ലെന്നും മതസ്വാതന്ത്ര്യം ലംഘിക്കാനാവാത്തതുമാണെന്നും പറഞ്ഞു.
‘വംശീയതയ്ക്കും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷത്തിനും ഫ്രാന്‍സില്‍ ഒരിക്കലും സ്ഥാനമുണ്ടാകില്ല. മതസ്വാതന്ത്ര്യം ലംഘിക്കാനാവാത്തതാണ്,’ മക്രോണ്‍ പറഞ്ഞു.
സംഭവം ഇസ്‌ലാമോഫോബിക് ആകാനുള്ള സാധ്യതയുണ്ടെന്ന് പ്രാദേശിക പ്രോസിക്യൂട്ടര്‍ ബ്ദല്‍ക്രിം ഗ്രിനി ഇന്നലെ (ഞായര്‍) പറഞ്ഞിരുന്നു. കൂടാതെ ഇത് വെറും സാധ്യത മാത്രമാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും ഗ്രിനി പറഞ്ഞിരുന്നു.
കൊലപാതകത്തിന് വേദിയായ ഗ്രാന്‍ഡ് മസ്ജിദും മാലി യുവാവിന്റെ മരണത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പള്ളിയിലെ ശുചീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പാരിസ് ഗ്രാന്‍ഡ് മൊസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ടുകൊണ്ട് ലാ ഗ്രാന്‍ഡ് കോംബില്‍ ഞായറാഴ്ച മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇസ്‌ലാം വിരുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ പാരിസില്‍ സമ്മേളനവും നടന്നിരുന്നു.
Content Highlight: The man suspected of killing a worshipper at a French mosque has surrendered to police in Italy