IPL
പ്രായം കുറഞ്ഞ അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയും മാത്രമല്ല! ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തി ബോസ് ബേബി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 06:08 pm
Monday, 28th April 2025, 11:38 pm

 

ക്രിക്കറ്റ് ലോകം ഒന്നടങ്കം വൈഭവ് സൂര്യവംശിയെന്ന 14കാരന് വേണ്ടി കയ്യടിച്ച നിമിഷങ്ങളാണ് ഐ.പി.എല്ലില്‍ കടന്നുപോയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എട്ട് വിക്കറ്റ് വിജയത്തില്‍ ടി-20 ക്രിക്കറ്റിന്റെ തന്നെ ചരിത്രം തിരുത്തിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്.

ടി-20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോഡിനൊപ്പമാണ് വൈഭവ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25 പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ മറികടന്നു.

വൈഭവിന്റെ സെഞ്ച്വറിക്ക് പുറമെ യശസ്വി ജെയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറിയും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ഐ.പി.എല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിനെതിരെ രാജസ്ഥാന്റെ രണ്ടാം വിജയമാണിത്.

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ പ്രായം കുറഞ്ഞ അര്‍ധ സെഞ്ച്വറിയുടെയും സെഞ്ച്വറിയുടെയും റെക്കോഡിനൊപ്പം ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

സായ് സുദര്‍ശനെ മടക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ 39 റണ്‍സുമായി നില്‍ക്കവെ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നേരത്തെ വ്യക്തിഗത സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ സായ് സുദര്‍ശനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഷിംറോണ്‍ ഹെറ്റ്മെയര്‍ തുലപ്പിച്ചു കളയുകയായിരുന്നു. ഒട്ടും എഫേര്‍ട്ട് എടുക്കാതെ അനായാസമായി കയ്യിലൊതുക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് താരം കൈവിട്ടുകളഞ്ഞു.

വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലറിനൊപ്പവും ഗില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സായ് സുദര്‍ശന് ശേഷം ക്രീസിലെത്തിയ ബട്‌ലര്‍ പതിഞ്ഞാണ് തുടങ്ങിയതെങ്കിലും ഇതിനോടകം ക്രീസില്‍ നിലയുറപ്പിച്ച ഗില്‍ മികച്ച ഷോട്ടുകളുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

രാജസ്ഥാന്റെ ലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി ബട്‌ലറും വെടിക്കെട്ടിന്റെ ഭാഗമായി. രണ്ടാം വിക്കറ്റില്‍ 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുമായി ഗില്‍-ബട് സഖ്യവും തിളങ്ങി.

ടീം സ്‌കോര്‍ 167ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി മഹീഷ് തീക്ഷണ ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.

വാഷിങ്ടണ്‍ സുന്ദര്‍ (എട്ട് പന്തില്‍ 13), രാഹുല്‍ തെവാട്ടിയ (നാല് പന്തില്‍ ഒമ്പത്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ബട്‌ലര്‍ ഉറച്ചുനിന്നു.

ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡബിളോടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൈറ്റന്‍സിന് 209 റണ്‍സിന്റെ ടോട്ടലും സമ്മാനിച്ചു.

രാജസ്ഥാനായി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് വൈഭവ് സൂര്യവംശിയും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

പവര്‍പ്ലേയില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് വൈഭവ് സൂര്യവംശിയും യശസ്വി ജെയ്സ്വാളും സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തീമഴ പെയ്യിക്കുന്നത്. പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യവംശിയാണ് ടൈറ്റന്‍സിനെ കടന്നാക്രമിച്ചത്.

നേരിട്ട 17ാം പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറ് സിക്സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെയാണ് താരം ഫിഫ്റ്റിയടിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധ സെഞ്ചൂറിയനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അധികം വൈകാതെ ഐ.പി.എല്‍ ചരിത്രത്തിലെ എന്നല്ല, ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡും താരം സ്വന്തമാക്കി.

17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 35ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അതും വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ സിക്സറിന് പറത്തിക്കൊണ്ട്!

സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ സൂര്യവംശിയുടെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. 11 സിക്സറും ഏഴ് ഫോറും അടക്കം 265.79 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

വണ്‍ ഡൗണായെത്തിയ നിതീഷ് റാണ നാല് റണ്‍സിന് പുറത്തായെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി യശസ്വി ജെയ്‌സ്വാള്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഒടുവില്‍ 25 പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ജെയ്‌സ്വാള്‍ 40 പന്തില്‍ 70 റണ്‍സും പരാഗ് 15 പന്തില്‍ 32 റണ്‍സുമായും പുറത്താകാതെ നിന്നു.

സീസണില്‍ രാജസ്ഥാന്റെ മൂന്നാം വിജയമാണിത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ വിജയമധുരം രുചിക്കുന്നത്.

 

 

Content Highlight: IPL 2025: RR vs GT: Vaibhav Suryavanshi becomes the youngest player to win Player Of The Match award in IPL history