പാട്ന: ബീഹാറില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികള്‍. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം.
ഡാനിഷ് എന്ന മാധ്യമപ്രവര്‍ത്തകനെ 20ലധികം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഡാനിഷ് ആക്രമിക്കപ്പെട്ടത്.
‘എന്റെ സഹോദരന്‍ കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് അക്രമികള്‍ അടുത്തേക്ക് വന്നത്. പിന്നീട് അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. തലയിലും കഴുത്തിലുമെല്ലാം പരിക്കേറ്റു,’ ഡാനിഷ് പ്രതികരിച്ചു.
സംഭവത്തില്‍ ഡാനിഷ് പൊലീസില്‍ പരാതിപ്പെട്ടതായി വിവരമില്ല. അതേസമയം പരിക്കേറ്റതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനും സഹോദരനും റോഡില്‍ ചോരവാര്‍ന്ന് കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ സംഘപരിവാര്‍ അനുകൂലികളും തീവ്ര ഹിന്ദുത്വവാദികളും മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. രൂക്ഷമായ രീതിയില്‍ വിദ്വേഷം പടര്‍ത്താനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ മുസ്‌ലിങ്ങളുടെ കടകള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അംബാലയിലെ സാഹയിലാണ് ആക്രമണം ഉണ്ടായത്.
പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു അക്രമസംഭവത്തില്‍ തീവ്ര ഹിന്ദുത്വവാദികളുടെ സംഘം മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി കടകളും വാഹനങ്ങളും നശിപ്പിക്കുകയും മുസ്‌ലിം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിനിടെ അക്രമികള്‍ ‘ഡാബറിന്റെ എണ്ണ പുരട്ടുക, ബാബറിന്റെ പേര് മായ്ക്കുക’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ആക്രമണമുണ്ടായത്. ഒരു കശ്മീര്‍ നിവാസി ഉള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടുകളെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Enraged by seeing pjama and kurta; Hindutva attacks journalist and brother in Bihar