ശ്രീനഗര്‍: തന്റെ അനുഭവങ്ങളില്‍ നിന്ന് പഹല്‍ഗാമിലെ ജനജീവിതത്തെ കുറിച്ച് പ്രതികരണവുമായി ഷൗക്കത്ത് നഈമി അല്‍ ബുഖാരി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പഹല്‍ഗാമില്‍ വന്നുപോകുന്ന വിവിധ ദേശക്കാരെയും നാനാ ജാതി മതസ്ഥരുമായ സഞ്ചാരികളെയും അവരുടെ സന്തോഷങ്ങളെയും കണ്ട് ശീലിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് നഈമി പറയുന്നു. ജമ്മു കശ്മീരിലെ വിദ്യാഭ്യാസ-സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷൗക്കത്ത് നഈമി ‘യെസ് ഇന്ത്യ’ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളിയുമാണ്.
ഇന്നലെ (ചൊവ്വ) ഭീകരാക്രമണമുണ്ടായ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ പഹല്‍ഗാമിന്റെ കവാടത്തില്‍ ‘യെസ് ഇന്ത്യ’യുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്ഥാപനം കേന്ദ്രീകരിച്ചാണ് ഷൗക്കത്ത് പ്രവര്‍ത്തിക്കുന്നത്.
അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനത്തിനായി ഓരോ വര്‍ഷവും എത്തുന്ന പതിനായിരക്കണക്കിന് സഹോദരങ്ങള്‍ മലകയറും മുമ്പ് തമ്പടിക്കുന്ന ബേസ് ക്യാമ്പ് ഇവിടെയാണെന്നും അദ്ദേഹം പറയുന്നു.
ഈ മേഖലയിലുണ്ടായ ക്രൂരതയെ ശക്തമായി അപലപിക്കുന്നുവെന്നും ഷൗക്കത്ത് പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഷൗക്കത്തിന്റെ പ്രതികരണം.
ആക്രമണമുണ്ടായ മേഖലയെ പഹല്‍ഗാമിലെ മിനി സ്വിറ്റ്‌സര്‍ലന്റാണെന്നും വിനോദ സഞ്ചാരികള്‍ സന്തോഷത്തോടെ വന്ന് പൊയ്‌ക്കൊണ്ടിരുന്ന മനോഹര നാടാണെന്നും ഷൗക്കത്ത് പറയുന്നു.
പഹല്‍ഗാമികളായ മുസ്‌ലിങ്ങള്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും കാണിക്കുന്ന സ്‌നേഹവും അവര്‍ക്കായി ചെയ്യുന്ന സേവനങ്ങളും നേരില്‍ അനുഭവിച്ചറിഞ്ഞ ലക്ഷക്കണക്കിന് മുസ്‌ലിങ്ങളല്ലാത്ത മനുഷ്യർ അവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകണ്ട് പലപ്പോഴും സന്തോഷാശ്രുക്കള്‍ പൊഴിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഷൗക്കത്ത് പറയുന്നു.
‘പഹല്‍ഗാമിലെ യെസ് സ്ഥാപനത്തില്‍ രക്ഷകര്‍തൃ സംഗമം വെക്കുമ്പോള്‍ അവിടുത്തെ കുതിരസവാരിക്കാരും ചെറുകിട കച്ചവടക്കാരും ടാക്‌സിക്കാരും ഉള്‍പ്പെടുന്ന സാധുക്കളാണ് പങ്കെടുക്കാറ്. വര്‍ഷത്തില്‍ ടൂറിസ്റ്റുകള്‍ വരുന്ന സമയം മാത്രമാണ് അവര്‍ക്ക് കാര്യമായ വരുമാനം ഉണ്ടാവുക. ആ സമയം കിട്ടുന്നത് കൊണ്ട് മാത്രം വര്‍ഷം മുഴുവന്‍ കുടുംബം പോറ്റാന്‍ കഴിയുന്ന സാധുക്കള്‍.
വിന്റര്‍ സീസണില്‍ നട്ടുച്ചക്ക് പോലും മരം കോച്ചുന്ന മൈനസ് ടെമ്പറേച്ചറില്‍ കനല്‍ക്കരികള്‍ നിറച്ച കങ്കിടികള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് കൂനിപ്പിടിച്ചിരുന്ന് ജീവിക്കേണ്ടി വരുന്ന അവര്‍ക്ക് ടൂറിസ്റ്റുകള്‍ വരുന്ന സീസണാണ് യഥാര്‍ത്ഥ ജീവിതത്തിന്റെ സീസണ്‍. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളെ സ്‌നേഹിക്കുന്നതും സേവിക്കുന്നതും അവര്‍ക്ക് എത്ര സന്തോഷമാണെന്നോ,’ ഷൗക്കത്ത് നഈമി അല്‍ ബുഖാരി പറഞ്ഞു.
വാര്‍ത്ത കേട്ടതുമുതല്‍ പഹല്‍ഗാമികളായ പലരെയും ബന്ധപ്പെട്ടുവെന്നും ഷൗക്കത്ത് പറഞ്ഞു. അവര്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ തേങ്ങുകയാണ്. സംഭവം നടക്കുമ്പോഴുള്ള ചില വീഡിയോ ദൃശ്യങ്ങളും അല്ലാഹ് അല്ലാഹ് എന്ന് വിളിച്ചുകൊണ്ട് സഞ്ചാരികളെ സുരക്ഷിതരാക്കാന്‍ ഓടി നടക്കുന്ന അവരുടെ വെപ്രാളവും കണ്ടതായി ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
ഈ പറഞ്ഞതെല്ലാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ പറഞ്ഞ, അവരെ ഓടി വന്ന് സഹായിച്ച തദ്ദേശീയരെക്കുറിച്ചാണെന്നും ഷൗക്കത്ത് പറഞ്ഞു. ഇവരാണ് യഥാര്‍ത്ഥ കശ്മീരി മുസ്‌ലിങ്ങളെന്നും അദ്ദേഹം പറയുന്നു. സ്‌നേഹം മാത്രം കൊടുക്കുന്ന അവര്‍ക്കുമേല്‍, ഏതോ അഡ്രസില്ലാത്ത മൃഗങ്ങള്‍ ചെയ്ത ക്രൂരതയുടെ പഴി ചാര്‍ത്തപ്പെടുന്നതില്‍ അവരുടെ ഹൃദയം എത്ര വേദനിക്കുന്നുണ്ടെന്ന് നന്നായി മനസിലാവുന്നുണ്ടെന്നും ഷൗക്കത്ത് പ്രതികരിച്ചു.
ഈ കൃത്യം ചെയ്തവര്‍ ആരെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ അറിയില്ല. ഒന്നറിയാം, മതം ചോദിച്ചു കൊന്നുവെന്ന് പറയുന്നതില്‍ നിന്ന് മതത്തെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനും മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിച്ച് നേട്ടങ്ങളുണ്ടാക്കാനും അവര്‍ക്ക് ലക്ഷ്യമുണ്ടെന്ന് അറിയാമെന്നും ഷൗക്കത്ത് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ആര്‍മി ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്ഥാപനത്തിലെത്തിയെന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സമാധാനിപ്പിച്ചുവെന്നും ഷൗക്കത്ത് പറയുന്നു.
‘ഭയപ്പെടേണ്ടതില്ല, ഞങ്ങള്‍ ഇവിടെയുണ്ടെന്ന് ധൈര്യം കൊടുത്തു. ഇടക്കിടെ സ്ഥാപനത്തിലെ പരിപാടികളില്‍ അതിഥികളായെത്തുന്ന അവര്‍ക്ക് അവിടുത്തെ മക്കളെ ആശ്വസിപ്പിക്കാതിരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കാശ്മീരി മുസ്‌ലിങ്ങള്‍ക്കും രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച് സേവനം ചെയ്യുന്ന പട്ടാളക്കാര്‍ക്കുമൊന്നും മതത്തിന്റെ വേര്‍തിരിവുകള്‍ അറിയില്ല. അവരെല്ലാം പരസ്പരം സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഭാരതീയരാണ്. നമ്മുടെ ശത്രുക്കളുടെ ഗൂഢ തന്ത്രത്തെ അതിജയിക്കാന്‍ ഇന്ത്യന്‍ ജനതക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ ഷൗക്കത്ത് കുറിച്ചു.
ഈ കൃത്യം ചെയ്ത നരാധമന്‍മാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഈ ലോകത്തും പരലോകത്തും കൊടിയ ശിക്ഷ ലഭിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.
Content Highlight: There are those pahalgam’s who ran to save the tourists by shouting Allah, they are the real Kashmiri Muslims: Shoukath Naeemi Al Bukhari’