Entertainment
ഫാലിമി കണ്ട് നന്നായിട്ടുണ്ടെന്ന് മമ്മൂക്ക പറഞ്ഞു, എന്നാല്‍ അതിനെക്കാള്‍ എന്നെ എക്‌സൈറ്റഡാക്കിയത് അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 10:36 am
Wednesday, 23rd April 2025, 4:06 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും മഞ്ജു പിള്ളയെ തേടിയെത്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സിറ്റ്-കോം സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഹോം, ഫാലിമി എന്നീ സിനിമകളില്‍ മഞ്ജുവിന്റ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഫാലിമി എന്ന ചിത്രം കണ്ട ശേഷം മമ്മൂട്ടിയുടെ കമന്റ് പങ്കുവെക്കുകയാണ് മഞ്ജു പിള്ള. താന്‍ മമ്മൂട്ടിയുടെ വലിയൊരു ആരാധികയാണെന്ന് മഞ്ജു പിള്ള പറയുന്നു. ചിത്രം റിലീസായ ശേഷം മമ്മൂട്ടിയെ ഒരു പരിപാടിക്കിടെ കണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു.

ഫാലിമി കണ്ടെന്നും തന്റെ പെര്‍ഫോമന്‍സ് അടിപൊളിയായിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. പിന്നെയും ഒരുപാട് നേരം സംസാരിച്ചെന്നും എല്ലാം കഴിഞ്ഞ് പോകാന്‍ നേരം നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് മമ്മൂട്ടി ചോദിച്ചെന്നും മഞ്ജു പിള്ള പറഞ്ഞു. ഉറപ്പായും ചെയ്യണമെന്നായിരുന്നു തന്റെ മറുപടിയെന്നും ആ സിനിമക്കായി താന്‍ കാത്തിരിക്കുകയാണെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി അങ്ങനെ പറഞ്ഞതില്‍ താന്‍ ഒരുപാട് എക്‌സൈറ്റഡായെന്നും മഞ്ജു പിള്ള പറഞ്ഞു. തന്റെ ആദ്യത്തെ കൊമേഴ്‌സ്യല്‍ ചിത്രം മമ്മൂട്ടിയോടൊപ്പമായിരുന്നെന്നും അന്നൊക്കെ അദ്ദേഹം വലിയ ഗൗരവക്കാരനായിരുന്നെന്ന് കേട്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ആദ്യമായി ഒന്നിച്ചഭിനയിച്ചപ്പോള്‍ ഒരു പ്രിന്‍സിപ്പാളിനോട് തോന്നുന്ന പേടിയായിരുന്നെന്നും എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അദ്ദേഹം വളരെ പാവമാണെന്ന് മനസിലായെന്നും മഞ്ജു പിള്ള പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘ഞാന്‍ മമ്മൂക്കയുടെ വലിയൊരു ഫാനാണ്. പടം റിലീസായ ശേഷം ഒരു പരിപാടിയുടെ ഇടയില്‍ വെച്ച് മമ്മൂക്കയെ കണ്ടിട്ടുണ്ടായിരുന്നു. ‘ഫാലിമി കണ്ടു, അടിപൊളിയായിട്ടുണ്ട്’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. പിന്നെയും കുറെ സംസാരിച്ച് പോകാന്‍ നേരം ‘നമുക്കൊരു പടം ചെയ്യണ്ടേ’ എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ ഭയങ്കര എക്‌സൈറ്റഡായി. തീര്‍ച്ചയായും വേണം മമ്മൂക്ക എന്ന് ഞാന്‍ മറുപടി നല്‍കി.

എന്റെ ആദ്യത്തെ കൊമേഴ്‌സ്യല്‍ സിനിമ മമ്മൂക്കയുടെ കൂടെയായിരുന്നു. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളത് വലിയ ഗൗരവക്കാരനാണ് എന്നായിരുന്നു. ഒരു പ്രിന്‍സിപ്പാളിനോട് തോന്നുന്ന ബഹുമാനമായിരുന്നു മമ്മൂക്കയോട് തോന്നിയത്. പക്ഷേ, അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹം വെറും പാവമാണെന്ന് മനസിലായത്. എല്ലാവരെയും സ്‌നേഹിക്കാനറിയാവുന്ന മനുഷ്യനാണ് അദ്ദേഹം’ മഞ്ജു പിള്ള പറഞ്ഞു.

Content Highlight: Manju Pillai about Mammootty’s comment after Falimy movie