Advertisement
Entertainment
എനിക്ക് മാത്രമല്ല, കൂടെ അഭിനയിച്ച എല്ലാവര്‍ക്കും നല്ല കെമിസ്ട്രി തോന്നുന്ന മലയാളത്തിലെ ഒരേയൊരു നടന്‍ അയാള്‍ മാത്രമായിരിക്കും: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 11:06 am
Wednesday, 23rd April 2025, 4:36 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും കെമിസ്ട്രി തോന്നിയ ആര്‍ട്ടിസ്റ്റ് ഏതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മണിയന്‍പിള്ള രാജു. സംശയമൊന്നുമില്ലാതെ പറയാന്‍ കഴിയുന്ന പേര് മോഹന്‍ലാലിന്റേതാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. തനിക്ക് മാത്രമല്ല, മലയാളത്തിലെ എല്ലാ നടന്മാരുടെയും കൂടെ അഭിനയിക്കുകയും അവരുമായി നല്ല കെമിസ്ട്രി ഉണ്ടാക്കുകയും ചെയ്ത നടനാണ് മോഹന്‍ലാലെന്ന് മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ താന്‍ മദ്യപിച്ച് അമിക്കസ് ക്യൂറി എന്ന് പറയുന്ന സീനുണ്ടെന്നും ആ സീനില്‍ ചിക്കന്‍ ഫ്രൈ വന്നില്ലേ എന്ന് ചോദിക്കുന്നത് മോഹന്‍ലാലിന്റെ ഐഡിയയായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘കൂടെ അഭിനയിച്ചവരില്‍ ഏറ്റവും നല്ല കെമിസ്ട്രി തോന്നിയിട്ടുള്ളത് മോഹന്‍ലാലുമായിട്ടാണ്. കൂടെ നിന്ന് ഓരോ ഇംപ്രൊവൈസേഷന്‍ പുള്ളി സജസ്റ്റ് ചെയ്യും. വെറുതേ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞുപോകുന്ന കാര്യങ്ങളൊക്കെ ഓര്‍ത്ത് വെച്ച് സീനില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നയാളാണ് ലാല്‍. എനിക്ക് മാത്രമല്ല, മലയാളത്തിലെ എല്ലാ നടന്മാര്‍ക്കും അങ്ങനെ തന്നെയാണ്.

അതിന്റെ ഏറ്റവും നല്ല ഉദാഹരണം പറയാം. ഇവിടം സ്വര്‍ഗമാണ് എന്ന പടത്തിന്റെ ക്ലൈമാക്‌സിന് മുമ്പുള്ള സീനില്‍ ഞാന്‍ മദ്യപിച്ചിട്ട് ‘അമിക്കസ് ക്യൂറി’ എന്ന് പറയുന്നുണ്ട്. എത്ര പെഗ് കഴിച്ചിട്ട് പറയുന്ന ഡയലോഗാണെന്ന് സംവിധായകനോട് ചോദിച്ചു. കാരണം, അതിനനുസരിച്ച് പെര്‍ഫോം ചെയ്യാമല്ലോ. ആ സീനില്‍ ‘ചിക്കന്‍ ഫ്രൈ വന്നില്ലേ’ എന്ന ഡയലോഗ് മോഹന്‍ലാലിന്റെ സജഷനായിരുന്നു,’ മണിയന്‍പിള്ള രാജു പറയുന്നു.

13 വര്‍ഷത്തിന് ശേഷം മണിയന്‍പിള്ള രാജുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Maniyanpilla Raju saying he feels more chemistry with Mohanlal