ന്യൂയോര്‍ക്ക്: ഫലസ്തീന്‍ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിന് തന്റെ ഭാര്യയുടെ പ്രസവത്തില്‍ പങ്കെടുക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി യു.എസ് അധികൃതര്‍. മഹ്‌മൂദിനെ തന്റെ പ്രസവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഐ.സി.ഇയോട് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഹ്‌മൂദിന്റെ താത്കാലിക മോചനം യു.എസ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
‘മഹ്‌മൂദ് എന്റെ അരികില്‍ ഇല്ലാതെ ഇന്ന് രാവിലെ ഞാന്‍ ഞങ്ങളുടെ മകനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. മഹ്‌മൂദിനെ പ്രസവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ഐ.സി.ഇയോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടും ഞങ്ങളുടെ മകനെ കാണാന്‍ അവന് താത്കാലിക മോചനം പോലും നിഷേധിച്ചു,’ ഖലീലിന്റെ ഭാര്യ നൂര്‍ അബ്ദല്ല എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
‘എന്നെയും മഹ്‌മൂദിനെയും ഞങ്ങളുടെ മകനെയും കഷ്ടപ്പെടുത്താന്‍ ഐ.സി.ഇയുടെ മനപ്പൂര്‍വമായ തീരുമാനമായിരുന്നു ഇത്,’ യു.എസ് ഇമിഗ്രന്റ്സ് ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയെ പരാമര്‍ശിച്ചുകൊണ്ട് നൂര്‍ കൂട്ടിച്ചേര്‍ത്തു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ മുഖ്യപങ്ക് വഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഖാലിദ്. ഗസയ്ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തില്‍ നിന്ന് ലാഭം നേടുന്ന ആയുധ കമ്പനികളില്‍ നിന്ന് സര്‍വകലാശാല ഓഹരികള്‍ പിന്‍വലിക്കണമെന്ന, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല ഭരണാധികാരികള്‍ക്കും ഇടയില്‍ ഒരു ഇടനിലക്കാരനായാണ് ഖലീല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
പ്രതിഷേധ ക്യാമ്പുകളില്‍ ഖലീല്‍ സ്വയം പങ്കെടുത്തിരുന്നില്ല. പകരം ഭരണാധികാരികളുമായി ചര്‍ച്ച നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തു, ഹമാസിനെ പിന്തുണച്ചു എന്നീ വാദങ്ങള്‍ ഉയര്‍ത്തിയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് എട്ടിനാണ് ഐ.സി.ഇ അധികൃതര്‍ ഖലീലിനെ കസ്റ്റഡിയിലെടുത്ത. കഴിഞ്ഞ ഒരു മാസമായി ലൂസിയാനയിലെ ജെനയിലുള്ള ഒരു ഐ.സി.ഇ ജയിലില്‍ മഹ്‌മൂദിനെ തടവിലാക്കിയിരിക്കുകയാണ്.
അമേരിക്കന്‍ പൗരയായ ഭാര്യ വഴി മഹ്‌മൂദ് യു.എസില്‍ സ്ഥിരതാമസിക്കാനുള്ള ഗ്രീന്‍കാര്‍ഡ് നേടിയിരുന്നു. എന്നാല്‍ ഖലീലിനെ നാടുകടത്താന്‍ ഏപ്രിലില്‍ ഒരു യു.എസ് ഇമിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി ഐ.സി.ഇ ഏജന്റുമാര്‍ തടഞ്ഞുവച്ചിരിക്കുന്ന നിരവധി ആളുകളില്‍ ഒരാളാണ് ഖലീല്‍.
യു.എസ് വിദേശനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശികളെ നീക്കം ചെയ്യാന്‍ 1950കളിലെ റെഡ് സ്‌കെയറിന്റെ കാലത്ത് അംഗീകരിച്ച ഒരു നിയമം അമേരിക്കയിലുണ്ട്. ഇതുപയോഗിച്ചാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശികളെ നാടുകടത്തുന്നത്.
ഖലീലിനെ നാടുകടത്തിയാല്‍ ആ വിധി ഉപയോഗിച്ച് മറ്റ് സ്ഥിര താമസക്കാരുടെ നാടുകടത്തല്‍ വേഗത്തിലാക്കാനും ട്രംപ് ഭരണകൂടത്തിന് സാധിക്കും. ഖലീലിന്റെ യു.എസിലെ സാന്നിധ്യം അമേരിക്കയുടെ വിദേശനയത്തെ ദോഷകരമായി ബാധിക്കും എന്നാണ് ഭരണകൂടം പ്രധാനമായും ഉയര്‍ത്തുന്ന വാദം.
അതേസമയം ന്യായമായ വാദം കേള്‍ക്കാനുള്ള ഖലീലിന്റെ അവകാശത്തെ കുടിയേറ്റ നിയമം ആയുധമാക്കി നഷേധിക്കുകയാണെന്ന് വിധിന്യായം പുറത്ത് വന്ന ശേഷം ഖലീലിന്റെ അഭിഭാഷകരില്‍ ഒരാളായ മാര്‍ക്ക് വാന്‍ ഡെര്‍ ഹൗട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ മകന്റെ ജനനത്തില്‍ പങ്കെടുക്കാന്‍ ഖലീലിനെ കോടതി അനുവദിക്കാത്തത് അദ്ദേഹത്തിന്റെ കുടുംബത്തിനേറ്റ ഇരട്ട പ്രഹരമായിരുന്നുവെന്നും വാന്‍ ഡെര്‍ ഹൗട്ട് കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ ജോര്‍ജിയ ജനപ്രതിനിധിസഭയിലെ ഫലസ്തീന്‍ അമേരിക്കന്‍ അംഗമായ റുവ റോമനും കോടതി തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.
‘ഫലസ്തീനികളുടെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാരെ ഫാസിസ്റ്റുകള്‍ക്ക് സഹിക്കാന്‍ കഴിയാത്തതിനാലാണ് മഹ്‌മൂദ് ഖലീലിന് തന്റെ ആദ്യ കുഞ്ഞിന്റെ ജനനം നഷ്ടമായത്,’ റുവ റോമന്‍ എക്സിലെ തന്റെ പോസ്റ്റില്‍ പറഞ്ഞു.
ഭരണഘടനാപരമായി സംരക്ഷണമുണ്ടായിട്ടും ഖലീല്‍ ജയിലിലായെന്നും ഭരണകൂടം അദ്ദേഹത്തിന്റെ ഭാര്യയെയും നവജാത ശിശുവിനെയും ശിക്ഷിക്കാന്‍ തീരുമാനിച്ചെന്നും ഒബാമയുടെ മുന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും പോഡ് സേവ് അമേരിക്ക എന്ന ടോക്ക് ഷോയുടെ അവതാരകനുമായ ടോമി വിയേറ്ററും പ്രതികരിച്ചിരുന്നു.
Content Highlight: Not even granted temporary release: Palestinian activist Mahmoud Khalil unable to attend son’s birth