World News
രാഷ്ട്രീയ ഭിന്നാഭിപ്രായമുള്ള 11 പേരെയും അവരുടെ കുടുംബത്തെയും ഭീകരരായി പ്രഖ്യാപിച്ച് യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 10:28 am
Wednesday, 23rd April 2025, 3:58 pm

ദുബൈ: രാഷ്ട്രീയ ഭിന്നാഭിപ്രായമുള്ള 11 വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എ.ഇ. രാഷ്ട്രീയമായി ഭിന്ന അഭിപ്രായമുള്ളവരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് യു.എ.ഇ നടത്തുന്ന രാജ്യാന്തര അടിച്ചമര്‍ത്തലിന്റെ തോത് വര്‍ധിച്ചു വരുന്നതായാണ് യു.എ.ഇയുടെ ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അന്തര്‍ദേശീയ അടിച്ചമര്‍ത്തലിന്റെ വര്‍ധനവിനെയാണ് ഈ നീക്കം പ്രതിനിധീകരിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും അവര്‍ ലക്ഷ്യം വെക്കുന്നു,’ ഹ്യൂമന്‍ റൈറ്സ് വാച്ച് പറഞ്ഞു.

മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 11 വ്യക്തികളെയും എട്ട് കമ്പനികളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജനുവരിയില്‍ യു.എ.ഇ പ്രഖ്യാപനം നടത്തിയിരുന്നു.

ഹ്യൂമന്‍ റൈറ്റ്സ് വാചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ എട്ട് കമ്പനികളും യുണൈറ്റഡ് കിംഗ്ഡത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തവയാണ്. മാത്രമല്ല ഇവ നിലവില്‍ അല്ലെങ്കില്‍ മുമ്പ് വിമതരുടെയും അവരുടെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതുമാണ്.

കൂടാതെ പുതിയതായി ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 11 പേരില്‍ കുറഞ്ഞത് ഒമ്പത് പേരെങ്കിലും രാഷ്ട്രീയ വിമതരോ അവരുടെ ബന്ധുക്കളോ ആണ്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ രണ്ടുപേര്‍ മാത്രമേ തീവ്രവാദ കുറ്റകൃത്യത്തിന് കുറ്റാരോപിതരോ ശിക്ഷിക്കപ്പെട്ടവരോ ആയിട്ടുള്ളൂ.

ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഈ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധികാരികള്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോപണങ്ങളോട് പ്രതികരിക്കാനോ എതിര്‍ക്കാനോ ഒരു അവസരവും ഉണ്ടായിരുന്നില്ലെന്നും ഹ്യൂമന്‍ റൈറ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ഈ വര്‍ഷം ആദ്യം യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുകളുടെ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമാണ് പട്ടികയിലുള്ള വ്യക്തികള്‍ തങ്ങളെ ഭീകരരായി പ്രഖ്യാപിച്ചത് അറിഞ്ഞതെന്നും ഹ്യൂമന്‍ റൈറ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ പേരില്‍ കേസുകളൊന്നുമില്ലെന്നും അതിനാല്‍ തന്നെ ഭീകരരായി പ്രഖ്യാപിച്ചവരുടെ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ ആശ്ചര്യപെട്ടുവെന്നും പട്ടികയില്‍ പേരുള്ള ഒരാള്‍ ഹ്യൂമന്‍ റൈറ്സ് വാച്ചിനോട് പറയുകയുണ്ടായി.

യു.എ.ഇയുടെ നടപടികള്‍ പ്രകാരം ഭീകരരെന്നു നാമകരണം ചെയ്യപ്പെട്ട വ്യക്തികള്‍ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നവരാണെങ്കില്‍ പോലും ഉടനടി സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും സ്വത്ത് കണ്ടുകെട്ടുന്നതിനും വിധേയരാണ്. മാത്രമല്ല ഭീകരരെന്നു കരുതപ്പെടുന്നവരുമായുള്ള ആശയവിനിമയം കുറ്റകരമാക്കുകയും ജീവപര്യന്തം തടവ് വരെയുള്ള ശിക്ഷകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

യു.എ.ഇയുടെ നടപടികള്‍ ഈ വ്യക്തികളെ യു.എ.ഇയില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടിര്‍ പറയുന്നു. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പട്ടികയില്‍ ഉള്‍പ്പെട്ട് വ്യക്തികളിലൊരാള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

content highlights: UAE lists 11 political dissidents as ‘terrorists’