തന്റെ സിനിമകളെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നു, സൈബര്‍ പൊലീസില്‍ പരാതി നല്‍കി വിജയ് ദേവരകൊണ്ട
Entertainment
തന്റെ സിനിമകളെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നു, സൈബര്‍ പൊലീസില്‍ പരാതി നല്‍കി വിജയ് ദേവരകൊണ്ട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2024, 4:47 pm

ചുരുങ്ങിയ സമയം കൊണ്ട് തെലുങ്ക് സിനിമാലോകത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയ നടനാണ് വിജയ് ദേവരകൊണ്ട. യാതൊരു സിനിമാപാരമ്പര്യവുമില്ലാതെ കടന്നുവന്ന് തെലുങ്കിലെ യുവതാരങ്ങളോടൊപ്പം പിടിച്ചുനില്‍ക്കുന്ന നടനായി വിജയ് മാറി. 2018ല്‍ ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയിരുന്നു. പിന്നാലെ വന്ന ഡിയര്‍ കോമ്രേഡും വിജയമായതോടെ തന്റെ താരമൂല്യം ഉയര്‍ത്താന്‍ സാധിച്ചു.

എന്നാല്‍ അതിന് ശേഷം വന്ന സിനിമകളൊന്നും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോയതും, കരിയറിലെ ഏറ്റവും ഹൈപ്പില്‍ വന്ന ലൈഗര്‍ ഏറ്റവും വലിയ പരാജയമായതും താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാമിലി സ്റ്റാറും പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ തുടര്‍ച്ചയായ നാലാമത്തെ പരാജയവും താരം ഏറ്റുവാങ്ങി.

ഇതിന് പിന്നാലെയാണ് താരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ സിനിമകളെ ചില വ്യക്തികള്‍ മനഃപൂര്‍വെ ഡീഗ്രേഡ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. താരത്തിന്റെ മാനേജര്‍ അനുരാഗ് പര്‍വതാനേനിയാണ് മധാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ് കേസെടുത്ത് അന്വേഷണമരാംഭിച്ചിട്ടുണ്ട്.

വേള്‍ഡ് ഫേമസ് ലവര്‍, ലൈഗര്‍, ഖുഷി, എന്നീ സിനിമകളായിരുന്നു താരത്തിന്റേതായി തിയേറ്ററുകളില്‍ എത്തിയത്. ഇതില്‍ ഖുഷി സമ്മിശ്ര പ്രതികരണം വന്നിട്ടും വിജയിക്കാനായില്ല. ഫാമിലിസ്റ്റാര്‍ ആദ്യ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതാദ്യമായാണ് തെലുങ്കിലെ മുന്‍നിര നടന്‍ ഹേറ്റ് ക്യാമ്പയിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്.

Content Highlight: Vijay Devarakonda filed complaint against the degrading of his movies