Entertainment
ആ സിനിമയോടെ ധ്യാനിന്റെ കുറേ കുസൃതികളും പക്വതയില്ലായ്മയും മാറി; അവന്‍ ക്ഷമ പഠിച്ചു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 09:26 am
Wednesday, 23rd April 2025, 2:56 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പിന്നീട് കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ റോളുകളും മലയാളികള്‍ക്ക് നല്‍കുന്നുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടന്‍ കൂടിയാണ് അജു.

സിനിമയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ ആദ്യ സംവിധാന ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയില്‍ അജുവും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ധ്യാനിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. ലവ് ആക്ഷന്‍ ഡ്രാമ ഒരുപാട് തടസങ്ങള്‍ നേരിട്ട ഒരു സിനിമയാണെന്നും എന്നാല്‍ അതൊക്കെ ധ്യാന്‍ വളരെ നന്നായി ഹാന്‍ഡില് ചെയ്തിരുന്നുവെന്നും അജു പറഞ്ഞു. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

ലവ് ആക്ഷന്‍ ഡ്രാമ ഒരുപാട് തടസങ്ങള്‍ നേരിട്ട ഒരു സിനിമയാണ്. 2018ലെ വെള്ളപ്പൊക്കം, 2019ലും വെള്ളപ്പൊക്കം. ധ്യാനിന്റെ അച്ഛന്‍ ആദ്യമായി രോഗശയ്യയില്‍ ആകുന്നത് ആ സമയത്തായിരുന്നു.

അതിന്റെ കൂടെ നിവിന്‍ പോളിയുടേയും നയന്‍താരയുടെയും ഡേറ്റ് ഇഷ്യൂസ് വന്നു. അതൊക്കെ ധ്യാന്‍ വളരെ നന്നായി ഹാന്‍ഡില് ചെയ്തിരുന്നു. അതും അവന്‍ അപ്പോള്‍ ഒരു പുതുമുഖ സംവിധായകനായിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ സംവിധാനം എത്രമാത്രം പ്രയാസമുള്ളതാണെന്ന് ഞാന്‍ മനസിലാക്കുന്നു. ധ്യാനിന്റെ കുറേ കുസൃതികളും ഇമ്മച്യൂരിറ്റീസുമൊക്കെ ഈ സിനിമക്ക് ശേഷമാണ് മാറിയത്.

അതിനുമുമ്പ് ധ്യാന്‍ വളരെ ദേഷ്യക്കാരനായിരുന്നു, വലിയ ചൂടനായിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തതോടെ അവന്റെ ദേഷ്യമൊക്കെ പോയി. അവന്‍ ക്ഷമ പഠിച്ചു. ധ്യാന്‍ സെറ്റില്‍ ദേഷ്യപ്പെട്ടിട്ടില്ല,’ അജു വര്‍ഗീസ് പറയുന്നു.

Content Highligt: Aju Varghese Talks About Dhyan Sreenivasan And Love Action Drama