ന്യൂദല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അറിയിച്ചു.
ജമ്മു കശ്മീരില്‍ ഭയാനകമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും സി.പി.ഐ.എം പി.ബി. ആവശ്യപ്പെട്ടു.
പൊലീസും സുരക്ഷാ സേനയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ സേനയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു കല്ലും ഉപേക്ഷിക്കരുതെന്നും സി.പി.ഐ.എം പറഞ്ഞു.
‘കുറ്റകൃത്യം ചെയ്തവര്‍ രാജ്യത്തിന്റെയും കശ്മീരിലെ ജനങ്ങളുടെയും ശത്രുക്കളാണ്. തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ അഭാവമടക്കം ആക്രമണത്തിന്റെ എല്ലാ കോണുകളും അന്വേഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണ്,’ സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സി.പി.ഐ.എം പി.ബി അറിയിച്ചു.
നിലവില്‍ പഹല്‍ഗാമില്‍ 28 പേരുടെ ജീവനെടുത്ത അക്രമകാരികളില്‍ മൂന്ന് പേരുടെ രേഖാചിത്രം ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലെമാന്‍ ഷാ, അബു തല്‍ഹ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണസംഘം പറഞ്ഞു. തീവ്രവാദികളില്‍ ഒരാള്‍ എ.കെ-47 റൈഫിള്‍ പിടിച്ചുകൊണ്ട് പ്രദേശത്തുകൂടി ഓടുന്നതിന്റെ ഒരു ഫോട്ടോ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യു.പി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്.
നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളിയും കൊച്ചി സ്വദേശിയുമായ രാമചന്ദ്രന്റെ മൃതദേഹവും നാട്ടിലെത്തിക്കും.
Content Highlight: The lack of security in Pahalgam should be investigated; not a single stone should be left unturned to find the culprits: CPI(M) PB