2025 IPL
ദല്‍ഹിയെ അവരുടെ തട്ടകത്തില്‍ തളച്ച് ഡിഫന്റിങ് ചാമ്പ്യന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 06:18 pm
Tuesday, 29th April 2025, 11:48 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് കൊല്‍ക്കത്ത വിജയിച്ചു കയറിയത്. പരാജയങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇതോടെ ടീമിന് സാധിച്ചിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒമ്പത് നഷ്ടത്തില്‍ 204 റണ്‍സാണ് ഉയര്‍ത്തിയത്. പക്ഷേ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് 190 മാത്രമാണ് നേടാന്‍ സാധിച്ചത്.

ദല്‍ഹിക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ ഫാസ് ഡു പ്ലെസി ആണ്. 45 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 43 റണ്‍സും നേടി. മധ്യനിരയില്‍ വിപ്രജ് നിഗം 19 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്ന്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വരും ചക്രവര്‍ത്തി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ അനുകുല്‍ റോയ്, വൈഭവ് അറോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഗുര്‍ബാസിനെയായിരുന്നു ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.

മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ നരേന്‍ 16 പന്തില്‍ 27 റണ്‍സും നേടിയാണ് പുറത്തായത്.

നിരാശജനകമായ പ്രകടനമാണ് വെങ്കിടേഷ് അയ്യര്‍ പുറത്തെടുത്തത്. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. വെങ്കിയെ വിപ്രജ് നിഗത്തിന്റെ കൈകളില്‍ എത്തിച്ച് ദല്‍ഹി നായകന്‍ അക്സര്‍ പട്ടേലാണ് മടക്കിയയച്ചത്.

ദല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സ് വഴങ്ങി വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ വിപ്രജ് നിഗം 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്.

 

Content Highlight: IPL 2025: KKR Won Against DC For 14 Runs