Kerala News
വേടന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അയാളെ മാറ്റിയെടുക്കുകയാണ് വേണ്ടത്; അല്ലാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാത്തവിധം അയാളെ തകര്‍ക്കരുത്: എ.പി. അനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 06:47 pm
Wednesday, 30th April 2025, 12:17 am

കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റില്‍ പ്രതികരണവുമായി എ.പി അനില്‍കുമാര്‍ എം.എല്‍.എയും. ലഹരി ഉപയോഗിക്കുന്നതും വിപണനം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെണെങ്കിലും  നീതി നടത്തിപ്പിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണമെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു.

സ്റ്റേഷന്‍ ജാമ്യത്തില്‍ വിടേണ്ട കുറ്റകൃത്യം മാത്രമാണ് വേടനില്‍ ആരോപിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടാന്‍ വേണ്ടി പുലി നഖവും പുലിപ്പല്ലും കൊടുവാളുമൊക്കെ കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ കഞ്ചാവ് ഒരു ആഘോഷമാക്കി മാറ്റാന്‍ വേണ്ടി പൊലീസ് ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എല്‍.എ ആരോപിച്ചു.

ലഹരിക്കെതിരെയുള്ള പോരാട്ടം ഒരു ആഘോഷമാക്കി മറ്റുന്നതിനുമപ്പുറം എന്തുകൊണ്ട് പ്രഭവകേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഭരണകൂടം തയ്യാറാവുന്നില്ലെന്ന് എ.പി. അനില്‍ കുമാര്‍ ചോദിച്ചു.

വേടന്റെ കഞ്ചാവുപയോഗം കേരളത്തില്‍ ആദ്യത്തേതും അവസാനത്തേതുമല്ല. എന്നാല്‍ കുറ്റാരോപിതരുടെ ഇടങ്ങളില്‍ പൊലീസ്/ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ ചാനല്‍ ലൈവും, ഉപയോഗിച്ച കഞ്ചാവിന്റെയും വലിച്ച സിഗററ്റിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും ചിത്രങ്ങള്‍ പുറത്തുവിടുന്നത് സാധാരണമല്ലെന്നും മുമ്പ് നടന്ന ഏതെങ്കിലും പരിശോധനകളില്‍ ഇത്തരം നടപടികള്‍ നടന്നതായി സൂചനകളില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗവണ്മെന്റിനു എന്തങ്കിലും വരുത്തി തീര്‍ക്കണം എന്നതിലുപരി മയക്കു മരുന്നു പ്രഭവ കേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള ധൈര്യമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? അവര്‍ തടയപ്പെട്ടിരിക്കുന്നു. ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ലഹരിക്കെതിരെയുള്ള പോരാട്ടം ഒരു ആഘോഷമാക്കി മറ്റുന്നതിനപ്പുറം എന്തുകൊണ്ട് പ്രഭവകേന്ദ്രങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഒരു ഭരണകൂടം തയ്യാറാവുന്നില്ല,’ അനില്‍ കുമാര്‍ ആരോപിച്ചു.

കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് കേരളം എല്ലാത്തരം ലഹരികളുടെയും ഹബ്ബായി മാറിയെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചു കൊണ്ട്, ലഹരിക്കെതിരേ പോരാടുന്നവരാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിക്കേണ്ടത് ഭരിക്കുന്നവരുടെ ആവശ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോ കേസ് പിടിക്കുമ്പോഴും ഉന്നതബന്ധം, വലയില്‍ കുടുങ്ങും എന്നിങ്ങനെയുള്ള ഗീര്‍വാണങ്ങള്‍ തള്ളിവിടുന്നതിനപ്പുറത്ത് ഉറവിടത്തെക്കുറിച്ചന്വേഷിക്കാനോ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ പൊലീസോ എക്‌സൈസോ തയ്യാറായിട്ടില്ലെന്നും എ.പി അനില്‍കുമാര്‍ വിമര്‍ശിച്ചു.

കലയിലൂടെയും കവിതകളിലൂടെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞ ഒരു മുന്‍തലമുറ നമുക്കുണ്ട്. ആ തലമുറയും കലയിലൂടെ രാഷ്ട്രീയം പറയലും ഏതാണ്ട് അസ്തമിച്ചു എന്നു കരുതുമ്പോഴാണ് വേടന്റെ പറച്ചിലുകള്‍ പാട്ടു രൂപത്തില്‍ വരുന്നതെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

ലോകം കൊണ്ടാടുന്ന പല സാഹിത്യ സൃഷ്ടികള്‍ക്കും കവിതകള്‍ക്കും ജന്മം കൊടുത്ത പല മഹാരഥന്‍മാരും അത്യാവശ്യമോ അമിതമായോ ലഹരി ഉപയോഗിച്ചിരുന്നവരായതു കൊണ്ട് അവരുടെ സൃഷ്ടികള്‍ റദ്ദാക്കപ്പെട്ടിട്ടില്ല.

വേടന്‍ പറഞ്ഞ രാഷ്ട്രീയം വേടന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കാലികപ്രസക്തിയുള്ളതാണെന്നും എ.പി. അനില്‍ കുമാര്‍ പറഞ്ഞു. അതിനാല്‍ വേടന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ലഹരിക്കടിമയാണെങ്കില്‍ വ്യവസ്ഥാപിത രീതികളിലൂടെ അയാളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്കും കലാജീവിതത്തിലേക്കും മടങ്ങിവരാത്ത തരത്തില്‍ അയാളെ തകര്‍ത്തു തരിപ്പണമാക്കുകയല്ല വേണ്ടതെന്നും അനില്‍ കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

Content Highlight: A.P. Anil Kumar’s post on Vedan’s arrest