Discourse
ഫ്രാൻസിസ് മാർപ്പാപ്പ; നിലച്ചത് ഗസയിലെ ജനങ്ങളുടെ പ്രത്യാശയുടെ സ്പന്ദനം
ജിൻസി വി ഡേവിഡ്
2025 Apr 23, 09:45 am
Wednesday, 23rd April 2025, 3:15 pm
ഒരു വർഷത്തിലേറെയായി ഭയം, തണുപ്പ്, വിശപ്പ് എന്നിവ സഹിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന് പോപ്പിന്റെ രാത്രികാല വീഡിയോ കോളുകൾ ഒരു ഓർമപ്പെടുത്തലാണ്. തങ്ങൾ ലോകത്തിന് മുന്നിൽ അദൃശ്യരായിട്ടില്ല എന്ന ഓർമപ്പെടുത്തൽ.

സ്കാർഫുകളും തൊപ്പികളും ധരിച്ച കുട്ടികളും സ്ത്രീകളും പുരുഷന്മാരും പതുക്കെ ഗസയിലെ ഫാദർ ഗബ്രിയേലിന്റെ കൈയിലുള്ള ഫോണിനടുത്തേക്ക് എത്തി. പോപ്പിനെ ആദ്യം അഭിവാദ്യം ചെയ്തത് ഒരു ഡോക്ടറായിരുന്നു, അദ്ദേഹം ‘അസലാമു അലൈക്കും’ എന്ന് പറഞ്ഞു, അതിന് ഫ്രാൻസിസ് മാർപാപ്പ പുഞ്ചിരിച്ചുകൊണ്ട് അറബിയിൽ മറുപടി നൽകി.

പശ്ചാത്തലത്തിൽ ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദങ്ങൾ കേൾക്കാമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട്, ഫ്രാൻസിസ് മാർപ്പാപ്പ എല്ലാവർക്കും നേരെ കൈവീശി. അവരോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ തങ്ങൾ ചിക്കൻ വിങ്‌സ് കഴിച്ചെന്ന് അവർ മറുപടി നൽകി. എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

ഫ്രാൻസിസ് മാർപ്പാപ്പ കുട്ടികളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ യുദ്ധത്തിനിടയിൽ ഞങ്ങൾക്ക് അദ്ദേഹം പ്രത്യാശയായിരുന്നു

മറുപടിയായി പരിശുദ്ധ പിതാവേ, അവർ അങ്ങയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അങ്ങ് എപ്പോഴും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനാലാണ് അവർ അങ്ങയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതെന്ന് ഫാദർ ഗബ്രിയേലിന്റെ സഹായിയായ ഫാദർ യൂസഫ് പോപ്പിനോട് പറഞ്ഞു.

‘എന്റെ നന്മക്ക് വേണ്ടി പ്രാത്ഥിക്കണേ’ എന്ന് നർമം കലർത്തി പോപ്പ് മറുപടിയും നൽകി. ചുരുങ്ങിയ സംഭാഷണം അവിടെ കഴിഞ്ഞു. ‘ബൈ-ബൈ! സിയാവോ മുച്ചാസ് ഗ്രേഷ്യസ്, ഗ്രേസി തന്റേ’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കുരിശടയാളം കാണിച്ചുകൊണ്ട് അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു. ലളിതവും ഹ്രസ്വവുമെങ്കിലും ഊഷ്മളമായ സംഭാഷണമായിരുന്നു അത്.

 

ഫ്രാൻസിസ് മാർപ്പാപ്പ

എന്നാൽ ഏകദേശം 550 ഓളം ഫലസ്തീനികൾ അഭയം തേടിയിരിക്കുന്ന ഹോളി ഫാമിലി ചർച്ചിൽ ഇപ്പോൾ നിശബ്ദതയും ദുഖവും നിറഞ്ഞിരിക്കുകയാണ്. അവിടെയുള്ളവരിൽ ഭൂരിഭാഗം പേരും കറുപ്പ് വസ്ത്രം ധരിച്ചിരുന്നു. യു​ദ്ധ​ങ്ങ​ളു​ടെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും നി​ഴ​ലി​ലാ​ണ്ടു​പോ​യ ഗസയുടെ സമാധാന ദൂദന്മാരിലൊരാളായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ദുഖിതരാണ് അവരെല്ലാം.

ഒരു വർഷത്തിലേറെയായി ഭയം, തണുപ്പ്, വിശപ്പ് എന്നിവ സഹിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന് പോപ്പിന്റെ രാത്രികാല വീഡിയോ കോളുകൾ ഒരു ഓർമപ്പെടുത്തലാണ്. തങ്ങൾ ലോകത്തിന് മുന്നിൽ അദൃശ്യരായിട്ടില്ല എന്ന ഓർമപ്പെടുത്തൽ.

 

യുദ്ധത്തിനിടെ ഇസ്രഈൽ നിരവധി പള്ളികളും സ്കൂളുകളും ആക്രമിച്ചു തകർത്തിട്ടുണ്ട്. എങ്കിലും ഹോളി ഫാമിലി ചർച്ചിൽ നിരവധി അഭയാർത്ഥികൾ കഴിയുന്നുണ്ട്. അവർക്കെല്ലാവർക്കും ഫ്രാൻസിസ് മാർപ്പാപ്പയുമായി വളരെയധികം ആത്മബന്ധമുണ്ട്.

ഗസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി ഫാദർ ഗബ്രിയേൽ റൊമാനെല്ലിയെയും സഹായി ഫാദർ യൂസഫ് അസദിനെയും ഫ്രാൻസിസ് മാർപാപ്പ എല്ലാ വൈകുന്നേരവും വാട്ട്‌സ്ആപ്പ് വഴി വീഡിയോ കോൾ ചെയ്തിരുന്നു. അദ്ദേഹം അത് പതിവായി തുടരുകയും ചെയ്തിരുന്നു. 600ലധികം പേർ അഭയം തേടിയിരുന്ന പള്ളിയുമായി ബന്ധം പുലർത്താനുള്ള അദ്ദേഹത്തിന്റെ ഒരു മാർഗമായിരുന്നു ആ വീഡിയോ കോൾ.

 

ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്നിരുന്ന ചെറു സംഭാഷണമായിരിക്കും മിക്ക ദിവസങ്ങളിലും ഉണ്ടാവുക. നിങ്ങൾക്ക് സുഖമാണോ, ഭക്ഷണം കഴിച്ചോ തുടങ്ങിയ ലളിതമായ ചോദ്യങ്ങളായിരിക്കും അദ്ദേഹം ചോദിക്കുക. ചെറുതെങ്കിലും എന്നാൽ ഒട്ടും ചെറുതല്ലാത്തതുമായ ഈ സംഭാഷണം യുദ്ധത്തിൽ തകർന്ന ഒരു ജനവിഭാഗത്തിന് നൽകിയിരുന്ന ആശ്വാസം ചെറുതായിരുന്നില്ല.

‘ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും, ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഞങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറയും. പള്ളിയിലെ ആളുകൾ ദിവസവും അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരുന്നു.

അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഈ യുദ്ധത്തിനിടയിൽ ഞങ്ങൾക്ക് അദ്ദേഹം പ്രത്യാശയായിരുന്നു,’ ഫാദർ ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.

ഒരു വർഷത്തിലേറെയായി ഭയം, തണുപ്പ്, വിശപ്പ് എന്നിവ സഹിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന് പോപ്പിന്റെ രാത്രികാല വീഡിയോ കോളുകൾ ഒരു ഓർമപ്പെടുത്തലാണ്. തങ്ങൾ ലോകത്തിന് മുന്നിൽ അദൃശ്യരായിട്ടില്ല എന്ന ഓർമപ്പെടുത്തൽ.

 

‘അദ്ദേഹം ഞങ്ങൾക്ക് ശക്തി നൽകി. ഭയപ്പെടേണ്ടെന്നും, ദൈവം നമ്മോടൊപ്പമുണ്ടെന്നും, എന്ത് സംഭവിച്ചാലും ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ഭൂമിയിൽ തന്നെ തുടരാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തകർന്ന വീടുകൾ പുനർനിർമിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇത്രയും ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ മരണം ഞങ്ങൾക്ക് ഒരു ദുരന്തവും ഞെട്ടലുമാണ്,’ മഹർ എന്ന ഗസ നിവാസി പറഞ്ഞു.

തന്റെ നിലപാടുകളിൽ നിന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. 2024 ൽ വത്തിക്കാൻ സിറ്റിയിലെ പുൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപാപ്പ ഫലസ്തീൻ സമാധാനത്തിനായി സംസാരിച്ചത്.

 

Content Highlight: Pope Francis; The pulse of hope of the people of Gaza has stopped

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം