Entertainment
മള്‍ട്ടിസ്റ്റാര്‍ കാസ്റ്റില്ല, സീക്വല്‍ ഹൈപ്പില്ല, ബുക്ക്‌മൈഷോയില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം ടിക്കറ്റ് വിറ്റ് തുടരും, ഇത് ലാല്‍ മാജിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 09:59 am
Wednesday, 23rd April 2025, 3:29 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളൊരുക്കിയ തരുണ്‍ മൂര്‍ത്തിയോടൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തുന്നു എന്ന പ്രത്യേകതയും തുടരും എന്ന ചിത്രത്തിനുണ്ട്.

ഏറെക്കാലത്തിന് ശേഷം സാധാരണക്കാരനായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രം കൂടിയാണ് തുടരും. വെറുമൊരു ഫാമിലി ചിത്രമാണെങ്കിലും മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രത്തിന് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു കോടിയുടെ പ്രീ സെയിലാണ് ചിത്രത്തിന് ലഭിച്ചത്.

ബുക്ക്‌മൈഷോയില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോകുന്ന കാഴ്ചക്കും ഇന്ന് സിനിമാലോകം സാക്ഷ്യം വഹിച്ചു. എമ്പുരാന്റെ ഓളം തുടരും എന്ന സിനിമക്കും ആവര്‍ത്തിക്കുമെന്നാണ് ട്രാക്കിങ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. റിലീസിന് രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.

നേരത്തെ ജനുവരി റിലീസായ പ്രഖ്യാപിച്ച ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ കാരണം മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഏപ്രില്‍ 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി തുടരും മാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ലളിത എന്ന കഥാപാത്രത്തെ ശോഭനയും അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഷണ്മുഖന്റെ ജീവിതവും അതില്‍ നടക്കുന്ന ചെറിയ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നിഷാദ് യൂസഫ് എഡിറ്റിങ് നിര്‍വഹിച്ച അവസാന ചിത്രങ്ങളിലൊന്നായിരുന്നു ഇത്. നിഷാദിന്റെ മരണശേഷം ഷഫീഖ് വി.ബി ഏറ്റെടുക്കുകയായിരുന്നു. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Thudarum movie pre sales crossed one crore from advance booking