കൊടിക്കുന്നിലിനെ പ്രോ ടേം സ്പീക്കറാക്കാത്തതിന് പിന്നില്‍ സവര്‍ണ രാഷ്ട്രീയം: പിണറായി വിജയന്‍
Kerala News
കൊടിക്കുന്നിലിനെ പ്രോ ടേം സ്പീക്കറാക്കാത്തതിന് പിന്നില്‍ സവര്‍ണ രാഷ്ട്രീയം: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 5:38 pm

തിരുവനന്തപുരം: ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന എം.പി. കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിന് പിന്നില്‍ സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടിക്കുന്നിലിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹത്തെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയമാണ് കൊടിക്കുന്നിലിനെ തഴഞ്ഞതിന് പിന്നിലെന്ന് പറയുന്നവരോടുള്ള ബി.ജെ.പിയുടെ മറുപടിയെന്താണെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ഈ തിരുമാനത്തിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ച് വര്‍ഷം ഒഴിച്ചിടുകയാണ് ബി.ജെ.പി. നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ സ്ഥാനത്തുള്ള ആരെയും ആ സ്ഥാനത്തേക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും ഈ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പാര്‍ലമെന്റിലെ കീഴ്‌വഴക്കം അനുസരിച്ച് ഏറ്റവും കൂടുതല്‍ തവണ എം.പിയായ വ്യക്തിയാണ് ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറാകേണ്ടത്. നിലവില്‍ മാവേലിക്കര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷാണ് ഈ സ്ഥാനാത്തിന് അര്‍ഹന്‍. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഒറീസയില്‍ നിന്നുള്ള ഭര്‍തൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി തിരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി.ജെ.പിയുടെ മറുപടി?

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബി.ജെ.പിക്ക്. ഇക്കഴിഞ്ഞ ലോകസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍. ബി.ജെ.പി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂ.

content highlights: Upper caste politics behind not making Kodikunnil pro term speaker: Pinarayi Vijayan