മല്യയെ വിട്ടുനല്‍കൂ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ടോയ്‌ലറ്റ് ഞങ്ങള്‍ നല്‍കും: യു.കെ കോടതിയില്‍ മോദി സര്‍ക്കാര്‍
National Politics
മല്യയെ വിട്ടുനല്‍കൂ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ടോയ്‌ലറ്റ് ഞങ്ങള്‍ നല്‍കും: യു.കെ കോടതിയില്‍ മോദി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 9:51 am

 

ന്യൂദല്‍ഹി: ലോണ്‍ തിരിച്ചടവില്‍ വീഴ്ചവരുത്തി ബ്രിട്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്കു വിട്ടുനല്‍കിയാല്‍ അദ്ദേഹത്തിന് മാത്രമായി പടിഞ്ഞാറന്‍ സ്റ്റൈലിലുള്ള ടോയ്‌ലറ്റ് നല്‍കുമെന്ന് മോദി സര്‍ക്കാറിന്റെ ഉറപ്പ്. മല്യയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കുന്ന ബ്രിട്ടീഷ് കോടതിക്കു മുമ്പാകെയാണ് മോദി സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ അര്‍ത്തൂര്‍ റോഡിലെ തടവറയില്‍ മല്യയ്ക്ക് ആവശ്യമുള്ള ടോയ്‌ലറ്റ് സംവിധാനങ്ങളും വാഷ് സൗകര്യങ്ങളും ഒരുക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

Also Read:കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള

മോദി സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരായ ബാരിസ്റ്റര്‍ മാര്‍ക്ക് സമ്മേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ” ഈ ഉറപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പാലിക്കും” എന്നും അദ്ദേഹം അറിയിച്ചു.

മുംബൈ ജയിലിലെ ഫോട്ടോകള്‍ കാണിച്ച് ജയിലില്‍ ആവശ്യത്തിന് വെളിച്ചമോ വായുസഞ്ചാരമോ ഇല്ലെന്ന് മല്യയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അര്‍ത്തൂര്‍ റോഡ് ജയിലിലെ വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ മാര്‍ക്ക് സമ്മേഴ്‌സിനോട് ചീഫ് മജിസ്‌ട്രേറ്റ്‌
എമ്മ അര്‍ബുത്‌നോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ ജാലകങ്ങള്‍ ഏതുതരത്തിലുള്ളതാണ് വായുസഞ്ചാരം എത്രത്തോളം ഉണ്ട് എന്ന് അറിയാന്‍ വേണ്ടിയാണിതെന്നാണ് അവര്‍ പറയുന്നത്. വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് മൂന്നാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

അവിടെ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് മോദി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സെല്ലില്‍ നിന്നും വായിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോകളും സര്‍ക്കാര്‍ നല്‍കിയിരുന്നു.

Also Read:ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണ്; ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത

സെപ്റ്റംബര്‍ 12നാണ് കേസില്‍ അടുത്തവാദം കേള്‍ക്കുന്നത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി കടമെടുത്ത 9380 കോടി തിരിച്ചടച്ചില്ലയെന്ന ആരോപണമാണ് മല്യയ്ക്കെതിരെയുള്ളത്. പണമിടപാടും തട്ടിപ്പുമായും ബന്ധപ്പെട്ട് യു.കെയിലും ഇന്ത്യയിലുമായി നിരവധി കേസുകളാണ് വിജയ് മല്യയ്ക്കെതിരെയുള്ളത്. ഇതിനു പുറമേ യു.കെയില്‍ നിന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള സി.ബി.ഐയുടെ ശ്രമങ്ങളെയും അദ്ദേഹം എതിരിടുന്നുണ്ട്.

മല്യയുടെ ലണ്ടനിലെ വീട്ടില്‍ പരിശോധന നടത്തി സാധനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ ബാങ്കുകളെ കഴിഞ്ഞവര്‍ഷം യു.കെയിലെ വാണിജ്യ കോടതി അനുവദിച്ചിരുന്നു.