ശ്രീനഗര്‍: താനടക്കമുള്ള ചത്തീസ്ഗഢില്‍ നിന്നുമുള്ള യാത്രക്കാരെ രക്ഷിച്ചത് കശ്മീരിലെ മുസ്‌ലിം സഹോദരനാണെന്ന് ബി.ജെ.പി നേതാവ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് പഹല്‍ഗാം ഭീകരാക്രമണത്തിനിടെ തന്നെ അദ്ദേഹം രക്ഷിച്ചതെന്നും ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ പറഞ്ഞു.
ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷായാണ് തന്നെയും സംഘത്തെയും രക്ഷിച്ചതെന്ന് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ ജീവന്‍ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച നസാകത്ത് ഭായിയുടെ ഉപകാരത്തിന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് അരവിന്ദ് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ നിരവധി പേര്‍ നസാകത്തിന്റെ പ്രവര്‍ത്തിയില്‍ നന്ദി അറിയിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടുമുള്ള കമന്റുകള്‍ അറിയിക്കുന്നുണ്ട്.
തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും യാത്രയില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയും പറഞ്ഞു.
ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുളേള നാല് ദമ്പതിമാരും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസാക്കത്ത് പ്രവര്‍ത്തിച്ചത്. ഭീകരവാദികള്‍ കൊലപ്പെടുത്തിയ കശ്മീരി സ്വദേശിയുടെ ബന്ധു കൂടിയാണ് നസാകത്ത് ഷാ.
ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുകയെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പിന്നാലെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്നും നസാകത്ത് ഷാ പറഞ്ഞു.
പിന്നാലെ വന്ന് ദമ്പതികളെ ഉള്‍പ്പെടെ 11 പേരെ താന്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചുവെന്നും അവരെ തിരികെ എത്തിക്കുകയായിരുന്നുവെന്നും നസാകത്ത് ഷാ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
Content Highlight: You saved us by risking your life, we will never forget it; BJP leader on Kashmiri guide Nazakat Shah