Entertainment
'മോഹന്‍ലാല്‍ എന്ന പേരില്‍ തന്നെ ഹലാല്‍ ഉണ്ട് '; വിടാതെ സംഘികള്‍; 'തുടരും' പോസ്റ്റിലും ആക്രമണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 11:21 am
Friday, 25th April 2025, 4:51 pm

നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച തുടരും സിനിമയുടെ പോസ്റ്റിന് താഴെ കടുത്ത സൈബര്‍ ആക്രമണം. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നാണ് മോഹന്‍ലാലിനെതിരെ ആക്രമണം വരുന്നത്.

അസഭ്യ, അധിക്ഷേപ കമന്റുകളുമാണ് ഇതിലധികവും. തുടരും സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ‘ Thudarum From Today’ എന്നായിരുന്നു മോഹന്‍ലാല്‍ എഴുതിയത്.

ഇതിന് താഴെയാണ് കടുത്ത രീതിയിലുള്ള തെറിവിളികള്‍ മോഹന്‍ലാലിനെതിരെ വന്നത്.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെടുത്തിയാണ് സംഘപരിവാര്‍ അനുഭാവികളുടെ സൈബര്‍ ആക്രമണം മോഹന്‍ലാലിനെതിരെ തുടരുന്നത്.

‘ഇനി ഒരു തുടര്‍ച്ച സ്വപ്‌നത്തില്‍ മാത്രം. ലാലേട്ടന്‍ എന്ന് വിളിച്ച നാക്കുകൊണ്ട് തന്നെ…. എന്ന് വിളിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. പണം കിട്ടിയാല്‍ നീയൊക്കെ എന്തു ചെയ്യാനും തയ്യാര്‍,

തുടരില്ല, നിങ്ങളെ സ്‌നേഹിച്ച അത്രയും തന്നെ ഇപ്പോള്‍ വെറുക്കുന്നു,

നേരത്തെ പോലുള്ള ഇഷ്ടം താങ്കളോട് തോന്നുന്നില്ല. ശത്രുക്കളുടെ ടൂളാണോ നിങ്ങള്‍ എന്ന് തോന്നുന്നു. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യും

ഇത് എന്തായാലും 400 കോടി കടന്ന് 500 കോടിയാകും. 30 ദിവസം ആകുന്നതിന് മുന്‍പേ 30 ദിവസം ആയെന്ന് പറഞ്ഞ് തള്ളണേ ലാലേട്ടാ..

തുടരുമെങ്കില്‍ വല്യ പാടായിരിക്കും അണ്ണാ

വെറുപ്പ് തുടരും…

കുറച്ചുനാള്‍ മുന്‍പ് വരെ നിങ്ങളെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നിങ്ങളുടെ സ്ഥാനം പഹല്‍ഗാമിലെ ശത്രുക്കള്‍ക്കൊപ്പമാണ്.

തുടരും പ്രൊഡ്യൂസറിന്റെ മൊത്തം പൈസയും വെള്ളത്തില്‍

രാജ്യദ്രോഹികളെ രാജ്യം വെറുതെ വിടില്ല

ഇല്ലടാ ലെഫ്. കേണലേ, നീ അധികം തുടരില്ല. കാരണം നിന്റെ തന്തയല്ല മലയാള സിനിമയുടെ തന്ത

തുടരാന്‍ ഇച്ചിരി പുളിക്കും. ഇനി നിന്നെ ആര്‍ക്കു വേണം. നാളെ ഒരു അഞ്ഞൂറ് കോടി എന്ന് തള്ളിക്കോ ഒരാശ്വാസം കിട്ടും

മോഹന്‍ലാല്‍ ഒരു കാലത്ത് ആവേശമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ട് പ്രാവശ്യം ക്ഷണിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്നപ്പോഴേ മനസിലായി ഇയാള്‍ പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന്.

മോഹന്‍ലാല്‍ എന്ന പേരില്‍ ഹലാല്‍ വന്നത് യാദൃശ്ചികമായി തോന്നിയത് ഇപ്പോള്‍ സത്യമായി. ശ്രീനിവാസന്‍ എന്ന അതുല്യ നടന്റെ ‘സരോജ് കുമാര്‍’ ഒരു പ്രവചന സിനിമയാണ് എന്ന് കാലം തെളിയിച്ചു. മോഹന്‍ലാല്‍ മലയാള സിനിമയുടെ അന്ത്യം കുറിച്ച …..

ലാലിനോടുള്ള വെറുപ്പ് തുടരും….

ബഹിഷ്‌ക്കരണം തുടരും..

തകരും….

ആത്മാഭിമാനമുള്ള ഒരു മലയാളിയും ഇവന്റെ പടം കാണില്ല..

തുടര്‍ന്നോ പക്ഷേ ഇസ്ലാമിക ഭീകരതയെ വെള്ള പൂശാന്‍ എന്റെ പണം ഞാന്‍ ഇയാളുടെ സിനിമയ്ക്കായി ചിലവഴിക്കില്ല,’ തുടങ്ങി അങ്ങേയറ്റം അധിക്ഷേപ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ പല കമന്റുകളും ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം പങ്കുവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റിനെതിരെയും കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

അതേസമയം തുടരും എന്ന സിനിയിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ചും മോഹന്‍ലാലിന് പിന്തുണ നല്‍കിയും പോസ്റ്റില്‍ നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാലിന്റെ അസാധ്യ പെര്‍ഫോമന്‍സാണ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlight: Cyber Attack against Mohanlal on Thudarum Movie Post